നാഗ്പൂര്‍: അല്ലു അര്‍ജുന്റെ പുഷ്പ 2 കാണാന്‍ തീയേറ്ററിലെത്തിയവര്‍ക്ക് ഇരട്ടത്രില്ലര്‍ കണ്ടതിന്റെ ആവേശം, നാഗ്പൂര്‍ മള്‍ട്ടിപ്ലക്‌സില്‍ പടം കാണാനെത്തിയ മയക്കുമരുന്ന് സംഘത്തലവനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്നാണ് മഹാരാഷ്‌ട്ര പോലീസ് പൊക്കിയത്. പത്ത് മാസമായി പോലീസിനെ കബളിപ്പിച്ച് നടന്ന മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ വിശാല്‍ മേഷ്‌റം ആണ് പിടിയിലായത്.
സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തലിന് പിന്നില്‍ മേഷ്‌റമിന് മുഖ്യ പങ്കാളിത്തമാണുള്ളത്. മാസങ്ങളായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനാണെന്ന് പോലീസ് അറിയുന്നത്. സിനിമ കാണാന്‍ ഇയാള്‍ തിയേറ്ററില്‍ ഉറപ്പായും എത്തുമെന്ന് മനസിലാക്കിയ പച്പയോളി പോലീസ് മേഷ്‌റമിനെ കാത്തിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് കൊലപാതകമുള്‍പ്പടെ 27 കേസുകളില്‍ പ്രതിയാണ്. മേഷ്‌റത്തിന്റെ വാഹനം പൊതുനിരത്തില്‍ തിരിച്ചറിഞ്ഞ പോലീസ് ഇതിനെ പിന്തുടര്‍ന്ന് അറസ്റ്റിനുള്ള മുന്നൊരുക്കവുമായി തിയേറ്ററിലേക്ക് എത്തുകയായിരുന്നു. വീണ്ടും മുങ്ങാതിരിക്കുന്നതിന് ഇയാളുടെ വാഹനത്തിന്റെ ടയറുകളും പോലീസ് ഊരി മാറ്റി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മേഷ്‌റമിനെ ആദ്യം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും പിന്നീട് നാസിക്കിലെ ജയിലിലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക