ലഖ്നൗ: ഉത്തര്പ്രദേശിലെ സംഭാലില് അഞ്ച് തീര്ത്ഥാടന കേന്ദ്രങ്ങളിലും 19 കിണറുകളിലും പുരാവസ്തുവകുപ്പിന്റെ (ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ) പരിശോധന. സംഭാലില് അടുത്തിടെ കണ്ടെത്തിയ ശ്രീകാര്ത്തിക് ശിവക്ഷേത്രം, കല്ക്കി വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും എഎസ്ഐയുടെ നാലംഗ സംഘം സര്വേ നടത്തി. ചതുര്മുഖ് കൂപ്പ്, മോക്ഷ കൂപ്പ്, ധരം കൂപ്പ് എന്നിവയുള്പ്പെടെ 19 കിണറുകളും ഭദ്രക് ആശ്രമം, സ്വര്ഗദീപ്, ചക്രപാണി എന്നിവയുള്പ്പെടെ അഞ്ച് തീര്ത്ഥാടന കേന്ദ്രങ്ങളിലും സര്വേ നടത്തിയതായി സംഭാല് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദര് പെന്സിയ അറിയിച്ചു.
46 വര്ഷം അടച്ചിട്ടിരുന്ന സംഭാലിലെ ഭസ്മ ശങ്കര് ക്ഷേത്രത്തിന്റെ കിണറ്റില് നിന്ന് കേടുപാടുകള് സംഭവിച്ച മൂന്ന് വിഗ്രഹങ്ങള് കണ്ടെത്തിയതായി അധികൃതര് നേരത്തെ അറിയിച്ചിരുന്നു. പുരാതന ക്ഷേത്രവും കിണറും കേന്ദ്രീകരിച്ച് എഎസ്ഐ ഖനനം നടത്തുകയാണ്. 12 അടിയില് വരെ കുഴിച്ചപ്പോഴാണ് പാര്വതിദേവിയുടെ വിഗ്രഹം കണ്ടെത്തിയത്. പിന്നാലെ ഗണപതിയുടെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങളും കണ്ടെത്തി.
കൈയേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തിയത്. 1978 മുതല് പൂട്ടിക്കിടന്ന ക്ഷേത്രം തുറന്നതോടെ നിത്യവും ആരാധന നടത്തുകയാണ്. ഷാഹി ജുമാ മസ്ജിദില് നിന്ന് ഒരു കിലോമീറ്റര് അകലെ മാത്രമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: