കോഴിക്കോട് : കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിലുണ്ടായ തീപ്പിടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം രാവിലെ 6.30 ഓടെയാണ് ദേശീയപാതയോരത്തെ ‘ബി ടു ഹോംസ്’ എന്ന ഷോറൂമില്‍ അപകടമുണ്ടായത്.
മൂന്ന് നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറിലായിരുന്നു അഗ്നിബാധ. പ്ലൈവുഡ് സാമഗ്രികള്‍, ഓഫീസ് ഉപകരണങ്ങള്‍, കംപ്യൂട്ടര്‍, പ്രിന്റര്‍, ഇന്റീരിയര്‍ വര്‍ക് ഉപകരണങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചു. കടയുടെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനും നാശം സംഭവിച്ചു.
സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും എത്തിയ നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ ഒന്നര മണിക്കൂറോളം സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കെട്ടിടത്തിന്റെ എല്ലാ ഭാഗത്തു നിന്നും കനത്ത പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഭൂരിഭാഗവും പ്ലൈവുഡ് ഉല്‍പ്പന്നങ്ങളായതിനാല്‍ തീ വേഗം പടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: