കോട്ടയം: അങ്കമാലി -എരുമേലി ശബരിപാതയുടെ നിര്‍മ്മാണം അടുത്തകാലത്തെങ്ങും നടക്കില്ലെന്ന് ഉറപ്പായി. നിര്‍മ്മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന റെയില്‍വേയുടെ നിര്‍ദ്ദേശം ഫലത്തില്‍ തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റെ തീരുമാനത്തിന്‌റെ ചുരുക്കം. കിഫ്ബി വഴി പകുതി ചെലവ് വഹിക്കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. എന്നാല്‍ അത് സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയേ സാധ്യമാകൂ എന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നുമില്ല. ഇതിനര്‍ത്ഥം പകുതി ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല എന്നു തന്നെയാണ് .
പ്രശ്‌ന പരിഹാരത്തിനുള്ള പോംവഴി എന്ന നിലയ്‌ക്കാണ് റിസര്‍വ് ബാങ്കിനെ കൂടി ഉള്‍പ്പെടുത്തി ത്രികക്ഷി കരാര്‍ എന്നൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വച്ചത്.എന്നാല്‍ അതിനു തയ്യാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ത്രികക്ഷി കരാര്‍ ഒപ്പിട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ പകുതി പണം ചെലവിടാത്ത പക്ഷം സംസ്ഥാന സര്‍ക്കാരിനുള്ള ധനസഹായത്തില്‍ നിന്ന് ആ തുക കിഴിച്ച് റെയില്‍വേയ്‌ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്കിനു കഴിയും .ഇത് നിരാകരിക്കുക വഴി പണം നല്‍കാന്‍ സംസ്ഥാനം തയ്യാറല്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്. ത്രി കക്ഷി കരാറിന് സംസ്ഥാനം തയ്യാറാകാതെ വരികയും കിഫ്ബി വഴിയുള്ള ധനസമാഹരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉപാധി വയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശബരിപാത അനിശ്ചിതമായി നീളുകതന്നെ ചെയ്യും.കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഇരട്ട പാത നിര്‍ദേശവും അധിക ചെലവിന്റെ പേരില്‍ സംസ്ഥാനം തള്ളിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: