India

ഇന്ത്യ – ഭൂട്ടാൻ ബന്ധം വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കും : ഭൂട്ടാന്റെ ദേശീയ ദിനത്തിൽ ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ഭൂട്ടാൻ രാജാവിൻ്റെയും നേതൃത്വത്തിൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒന്നിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

Published by

ഗുവാഹത്തി: ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് വാചാലനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇരു രാജ്യങ്ങളും പങ്കിട്ട ലക്ഷ്യങ്ങളും അഭിലാഷങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് ചൊവ്വാഴ്ച ഹിമാലയൻ രാജ്യത്തിന്റെ ദേശീയ ദിന പരിപാടിയിൽ പങ്കെടുക്കവെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഭൂട്ടാൻ രാജാവാണ് ശർമ്മയെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.

ഭൂട്ടാൻ രാജാവായ ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിനും രാജ്യത്തെ അത്ഭുതകരമായ ആളുകൾക്കും ഭൂട്ടാൻ ദേശീയ ദിനത്തിൽ ആശംസകൾ നേരുന്നുവെന്ന് നാല് ദിവസത്തെ പര്യടനത്തിനായി തിങ്കളാഴ്ച തിംഫുവിൽ എത്തിയ ശർമ്മ എക്സിൽ പോസ്റ്റ് ചെയ്തു. കൂടാതെ ഭൂട്ടാനിലെ ജനങ്ങൾ ഭാരതവുമായി നാഗരികമായ ഒരു ബന്ധം പങ്കിടുന്നുണ്ട്. വരും ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച് വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂട്ടാൻ അതിന്റെ എല്ലാ നയ തീരുമാനങ്ങളുടെയും അടിസ്ഥാനമായി പരിസ്ഥിതിയെ നിലനിർത്തിക്കൊണ്ട് വികസന ശ്രമങ്ങൾ തുടരുമെന്നാണ് കരുതുന്നതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായുള്ള റോഡ്ഷോയിലും ശർമ്മ പങ്കെടുത്തു.

നേരത്തെ പാരോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അസം പ്രതിനിധി സംഘത്തെ ഭൂട്ടാൻ വിദേശകാര്യ മന്ത്രി ഡി എൻ ദുംഗേൽ, ക്യാബിനറ്റ് സെക്രട്ടറി കെസാങ് ദേകി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് തിംഫുവിൽ എത്തിയ ഇന്ത്യൻ വിശിഷ്ടാതിഥികളെ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേ സ്വാഗതം ചെയ്തു.

ഭൂട്ടാൻ രാജാവും ടോബ്‌ഗേയും പങ്കെടുത്ത സംസ്ഥാന നിക്ഷേപ ഉച്ചകോടിയായ ‘അഡ്വാൻ്റേജ് അസം 2025′ പ്രദർശിപ്പിക്കുന്നതിനുള്ള റോഡ്‌ഷോയിൽ ശർമ്മ പിന്നീട് പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ഭൂട്ടാൻ രാജാവിന്റെയും നേതൃത്വത്തിൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒന്നിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭൂട്ടാനുമായുള്ള അസമിന്റെ അടുത്ത ഭൂമിശാസ്ത്രപരമായ ബന്ധത്തിന് അടിവരയിട്ട് ഭൂട്ടാനിലെ നഗരവികസന പദ്ധതിയായ ഗെലെഫു മൈൻഡ്‌ഫുൾനെസ് സിറ്റിയിലെ അടുത്ത സഹകരണം മുതൽ ഊർജ ഉൽപ്പാദനം, ആരോഗ്യ സംരക്ഷണം, ടൂറിസം, നൈപുണ്യ വികസനം തുടങ്ങി നിരവധി അവസരങ്ങൾ ഇത് നൽകുന്നുവെന്ന് ശർമ്മ പറഞ്ഞു.

1907-ൽ ഭൂട്ടാന്റെ ആദ്യത്തെ രാജാവായ ഉഗ്യെൻ വാങ്ചുക്കിന്റെ കിരീടധാരണത്തെയാണ് ദേശീയ ദിനം അടയാളപ്പെടുത്തുന്നത്. കൂടാതെ ഭൂട്ടാന്റെ പൂർവ്വികരുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനുള്ള ഒരു അവസരവുമാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക