കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന് സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി വ്യക്തമാക്കി.
ജയിലിലായിരുന്നതിനാല്‍ കേസിലെ സാക്ഷികളായ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കുന്നതിന് മുന്‍പെ അഭിഭാഷകന് താനുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വിസ്താരം നടത്തണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം.
കേസില്‍ അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജി വിചാരണകോടതിയുടെ പരിഗണനയിലാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടി അപേക്ഷ നല്‍കിയത്. അന്തിമ വാദത്തിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നതില്‍ എതിര്‍പ്പില്ല എന്നാണ് അതിജീവിത അറിയിച്ചത്. അടച്ചിട്ട മുറിയില്‍ രഹസ്യവിചാരണയായിരുന്നു ഇതുവരെ നടന്നുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: