കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സിപിഎം സമ്മേളനത്തിനുള്ള സ്‌റ്റേജ് കെട്ടിയ സംഭവത്തില്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ടിരുന്നുവെന്നും ഡിജിപി വ്യക്തമാക്കുന്നു. സംഭവത്തിൽ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
സമ്മേളനത്തില്‍ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്കി. പൊതുവഴിയിലെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ അതിന്റെ തിക്തഫലം കൂടി അനുഭവിക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. സംഘാടകരാണ് പ്രധാന ഉത്തരവാദി എന്ന് കോടതി പറഞ്ഞു.
സ്‌റ്റേജിന്റെ കാലുകള്‍ നാട്ടുന്നതിന് റോഡ് കുത്തിപ്പൊളിച്ചോയെന്നും അങ്ങനെയാണെങ്കില്‍ കേസ് വേറെയാണെന്നും ഹൈക്കോടതി പറഞ്ഞു. ഒരു കാരണവശാലും ഗതാഗതം തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. റോഡ് യാത്രകള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരേപോലെ അവകാശമാണ്. വഞ്ചിയൂരിലെ യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തതെന്ന് ആരാഞ്ഞ കോടതി കോടതിയലക്ഷ്യ കേസില്‍ കുറ്റം ചുമത്തുന്നത് എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അറിയിച്ചു.
കൊച്ചി കോര്‍പ്പറേഷനു മുന്‍പിലുള്ള നടപ്പാത പലപ്പോഴും സമരക്കാരുടെ കയ്യിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നടപ്പാതയിലായാലും റോഡിലായാലും താത്കാലിക സ്‌റ്റേജുകള്‍ നിര്‍മിക്കാനാവില്ല. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഐ പരിപാടിക്ക് എങ്ങനെയാണ് സ്‌റ്റേജ് കെട്ടുകയെന്നും ഇത്തരം പ്രവൃത്തികള്‍ക്ക് ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും കോടതി മുന്നറിയിപ്പ് നല്കി.
അതേസമയം, റോഡ് കൈയേറിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക