Sports

വിശ്വജേതാവ് ഇന്ത്യയിൽ; ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വീകരണം, എല്ലാ പിന്തുണയ്‌ക്കും നന്ദി അറിയിച്ച് ഗുകേഷ്

Published by

ചെന്നൈ: ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ഗുകേഷ് ജന്മനാട്ടിൽ തിരിച്ചെത്തി. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഗുകേഷിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ലോക കപ്പ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ പിന്തുണയ്‌ക്കും നന്ദി പറയുന്നുവെന്ന് ഗുകേഷ് പറഞ്ഞു. വരും ദിവസങ്ങളിൽ നമുക്ക് ഒരുമിച്ച് ആഘോഷിക്കാൻ സമയം കിട്ടുമെന്നും ലോക ചാമ്പ്യൻ പറഞ്ഞു.

സർക്കാരിനെ പ്രതിനിധീകരിച്ച് തമിഴ്‌നാട് കായിക വകുപ്പ് സെക്രട്ടറി ഗുകേഷിനെ സ്വീകരിക്കാനായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒപ്പം സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റിയും ഗുകേഷിന്റെ അധ്യാപകരും എത്തിയിരുന്നു. റഷ്യക്കാരനായ ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോഡാണ് ഗുകേഷ് തിരുത്തിയെഴുതിയത്. 1985ല്‍ വെറും 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില്‍ ലോക ചാമ്പ്യനായത്.

പിന്നീട് മാഗ്നസ് കാള്‍സന്‍ ലോകചാമ്പ്യനായത് 22 വയസ്സും 11 മാസവും പ്രായമുള്ളപ്പോഴാണ്. വെറും 18 വയസ്സും എട്ട് മാസവും 14 ദിവസവും പ്രായമുള്ള ചെസ്സിലെ ലോകചാമ്പ്യനാവുക എന്ന ഏറെക്കുറെ അസാധ്യമായ റെക്കോഡാണ് ഗുകേഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തിളക്കമാര്‍ന്ന മുഹൂര്‍ത്തമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by