മുംബൈ : ഉസ്താദ് സക്കീർ ഹുസൈന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന് വേണ്ടി തബല നിർമ്മിക്കുന്ന ഹരിദാസ് വട്കർ. തന്റെ ഏറ്റവും പ്രശസ്തനായ ഉപഭോക്താവായിരുന്നു ഉസ്താദ് സക്കീർ ഹുസൈനെന്ന് വട്കർ പറഞ്ഞു.
താൻ ആദ്യം തബല നിർമ്മിക്കാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ പിതാവ് അല്ലാ രാഖയ്‌ക്കുവേണ്ടിയാണ്. തുടർന്ന് 1998 മുതൽ സക്കീർ ഹുസൈൻ സാബിനായി തബലകൾ നിർമ്മിച്ചു തുടങ്ങിയെന്ന് വട്കർ പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ മുംബൈയിൽ വച്ച് 73 കാരനായ തബല മാന്ത്രികനെ താൻ അവസാനമായി കണ്ടുമുട്ടിയതായി മുംബൈയിലെ കഞ്ജൂർമാർഗിലെ തന്റെ വർക്ക്ഷോപ്പിൽ നിന്ന് സംസാരിക്കവേ വട്കർ പറഞ്ഞു.
തനിക്ക് ഏതുതരം തബല വേണമെന്നും എപ്പോൾ വേണമെന്നും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംഗീത ഉപകരണത്തിന്റെ ട്യൂണിംഗ് വശം അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നുവെന്നും പശ്ചിമ മഹാരാഷ്‌ട്രയിലെ മിറാജ് സ്വദേശിയായ മൂന്നാം തലമുറ തബല നിർമ്മാതാവ് വട്കർ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സക്കീർ ഹുസൈനുവേണ്ടി എത്ര തബലകൾ ഉണ്ടാക്കിയെന്ന ചോദ്യത്തിന് എണ്ണമില്ല എന്നായിരുന്നു വട്കറിന്റെ മറുപടി. തബല മാന്ത്രികൻ തനിക്കായി ഉപേക്ഷിച്ച് പോയ നിരവധി തബലകൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ താൻ അദേഹത്തിന് വേണ്ടി തബല നിർമ്മിച്ചപ്പോൾ അദ്ദേഹം തനിക്ക് ജീവിതം ഉണ്ടാക്കിത്തന്നെന്ന് വട്കർ വികാരാധീനനായി പറഞ്ഞു.
ഏറ്റവും മികച്ച തബല വാദകനായി കണക്കാക്കപ്പെടുന്ന സക്കീർ ഹുസൈൻ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ വെച്ച് തിങ്കളാഴ്‌ച്ചയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: