Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എന്ന് നല്‍കുമെന്ന് ട്രിബ്യൂണല്‍; ഇടപെടല്‍ എന്‍ജിഒ സംഘിന്റെ പരാതിയില്‍

Published by

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍. ക്ഷാമബത്ത മുഴുവനും രണ്ട് ഗഡു വീതം അനുവദിച്ച് കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ട്രിബ്യൂണലില്‍ അറിയിച്ചിരുന്നു. ഇതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് ട്രിബ്യൂണല്‍ ആരാഞ്ഞത്.

വിഷയത്തില്‍ കേരള എന്‍ജിഒ സംഘ് നല്‍കിയ കേസ് പരിഗണിക്കവെയാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ ഗവണ്മെന്റ് പ്ലീഡറോട് ട്രിബ്യൂണല്‍ ഇക്കാര്യം ചോദിച്ചത്. 2024-25 ലെ സംസ്ഥാന ബജറ്റ് അവതരണ വേളയിലാണ് കുടിശികയുള്ള ക്ഷാമബത്ത മുഴുവനും 2 ഗഡു വീതം അനുവദിച്ച് കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇതില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് ട്രിബ്യൂണലിന്റെ ചോദ്യം.

ക്ഷാമബത്ത കുടിശിക എന്ന് നല്‍കുമെന്നും അറിയിക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്മിനിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കുടിശികയുള്ള ക്ഷാമബത്ത 19 ശതമാനവും 2021 ലെ 2 ഗഡു ക്ഷാമ ബത്തയുടെ 39 മാസം വീതമുള്ള കുടിശികയും ജീവനക്കാര്‍ക്ക് അടിയന്തരമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക