ന്യൂദല്‍ഹി: ലോകചെസ് കിരീടപ്പോരില്‍ എല്ലാക്കാലത്തും അബദ്ധത്തിലുള്ള കരുനീക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് മുന്‍ ലോകചാമ്പ്യനും റഷ്യന്‍ ഗ്രാന്റ്മാസ്റ്ററുമായ ഗാരി കാസ്പറോവ്. ഗുകേഷിനെതിരായ 14ാം റൗണ്ടില്‍ ഡിങ്ങ് ലിറന് നിസ്സാര പിഴവ് വരുത്തിയതിനാലാണ് ഗുകേഷ് ജയിച്ചതെന്ന രീതിയില്‍ പ്രചാരണം കൊഴുക്കുന്നതിനിടയിലാണ് ഗാരി കാസ്പറോവ് ഗുകേഷിനെ അനുകൂലിച്ച് രംഗപ്രവേശം ചെയ്തത്.
1985ല്‍ അനറ്റോലി കാര്‍പോവിനെ തോല്പിച്ച് ലോക ചെസ് ചാമ്പ്യനായി മാറുമ്പോള്‍ ഗാരി കാസ്പറോവിന്റെ പ്രായം വെറും 22 ആയിരുന്നു. എന്നാല്‍ അതിനേക്കാള്‍ അഞ്ച് വയസ്സ് ഇളപ്പാമായ ഇന്ത്യക്കാരനായ ഗുകേഷ് 18ാം വയസ്സില്‍ കിരീടം നേടിയത് ഇതുവരെ ചെസ്സിലെ ലോകശക്തികളായ യൂറോപ്യന്രാജ്യങ്ങള്ക്കും യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ദഹിച്ചിട്ടില്ല. അതുകൊണ്ട് ഗുകേഷിന്റെ വിജയത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ വിദേശമാധ്യമങ്ങളില്‍ നടക്കുകയാണ്. അത് കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ മാധ്യമങ്ങളും ഏറ്റെടുക്കുന്നു.
ഏറ്റവുമൊടുവില്‍ ചെസിലെ മുന്‍ ലോകചാമ്പ്യനായ വ്ളാഡിമിര്‍ ക്രാംനിക് ഗുകേഷിന്റെ വിജയത്തെ ഡീഗ്രേഡ് ചെയ്ത് നടത്തിയ പ്രസ്താവന കോളിളക്കം സൃഷ്ടിച്ചിരുന്നു. അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തിലാണ് ഗുകേഷിനെതിരെ ആഞ്ഞടിച്ചത്. “ഒന്നും പറയാനില്ല. ദുഖം തോന്നുന്നു. ഇത് ചെസ്സിന്റെ അവസാനമാണെന്ന് തോന്നുന്നു”- ഇതായിരുന്നു വ്ളാഡിമിര്‍ ക്രാംനിക്കിന്റെ പ്രതികരണം. എന്നാല്‍ ഇതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ മാത്രമല്ല, എല്ലാക്കാലത്തും ചെസ്സില്‍ ലോകകിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കളിക്കാര്‍ അബദ്ധക്കരുനീക്കങ്ങള് നടത്തിയിട്ടുണ്ടെന്ന ഗാരി കാസ്പറോവിന്റെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: