Categories: News

അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍

Published by

ഹൈദരാബാദ്: പുഷ്പ 2 റിലീസ്‌ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ അല്ലു അർജുൻ ജയിൽ മോചിതനായി.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ച് പിൻവശത്തെ ഗേറ്റിലൂടെയാണ് നടൻ പുറത്തിറങ്ങിയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി അഭിഭാഷകൻ ആരോപിച്ചു. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാൻ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചൽഗുഡ ജയിൽ പരിസരത്ത് എത്തിയിരുന്നു.

ഹൈക്കോടതി ഇടക്കാല ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കോടതിയുത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് അല്ലു സ്റ്റേഷനില്‍ തുടരുകയായിരുന്നു.

തെലങ്കാനയിൽ പ്രതിപക്ഷത്തുള്ള ബിആർഎസും ബിജെപിയും അല്ലു അർജുന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ആന്ധ്രയിൽ അല്ലു അര്‍ജുന്റെ അറസ്റ്റിൽ പുകയുകയാണ് തെലങ്കാന രാഷ്‌ട്രീയവും തെലുങ്ക് സിനിമാ ലോകവും. തെലുങ്ക് സിനിമ മേഖലയിലുള്ളവരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.

നഗരത്തിൽ പലയിടത്തും ആരാധകർ പ്രതിഷേധിച്ചു. സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായിപ്പോലും പ്രതിഷേധങ്ങൾ കനക്കുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനായി ഒരു നടനെ ജയിലിൽ അടയ്‌ക്കുന്നു എന്നതടക്കമുള്ള വിമർശനമാണ് ഉയരുന്നത്.

വെള്ളിയാഴ്ച രാവിലെ 11:45ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിൽ നിന്നായിരുന്നു അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് ചെയ്യുകയായിരുന്നു. പിന്നീട് തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാലജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് നാലാഴ്‌ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by