പ്രയാഗ്‌രാജ്(ഉത്തര്‍ പ്രദേശ്): ഏകാത്മകതയുടെ മഹായജ്ഞമാണ് മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്യാഗത്തിന്റെ മഹായാഗമാണിത്. ജാതിയടക്കമുള്ള എല്ലാ വിവേചനങ്ങളും ഈ ത്രിവേണീ സംഗമത്തില്‍ അലിഞ്ഞില്ലാതാകും. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന മഹത്തായ സന്ദേശത്തിന്റെ ദിവ്യപ്രകടനമാകും പ്രയാഗയിലെ സ്‌നാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകുംഭ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം പ്രയാഗ്‌രാജിലെ 5700 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുംഭമേളകള്‍ പോലുള്ള മഹാമേളകളാണ് വലിയ സാമൂഹ്യ മാറ്റങ്ങളുടെ അടിത്തറയായത്. ഇവിടെ ഒത്തുചേരുന്ന സംന്യാസിവര്യരും മഹത്തുക്കളും സമൂഹത്തെ ഗ്രസിച്ചിരുന്ന സങ്കടങ്ങളും സന്തോഷങ്ങളും ചര്‍ച്ച ചെയ്തു. കാലിക വിഷയങ്ങള്‍ അവലോകനം ചെയ്തു, ഭാവിയെപ്പറ്റി ചിന്തിച്ചു.
പണ്ഡിതനും പാമരനും സംന്യാസിയും ഒന്നിച്ചാണ് ത്രിവേണിയില്‍ സ്‌നാനം ചെയ്യുന്നത്. ജനകോടികള്‍ ഒരേ ലക്ഷ്യത്തോടെ ഒരേ ചിന്തയോടെയെത്തുന്ന ഇത്തരം മേളകള്‍ ഭാരതത്തില്‍ മാത്രമുള്ളതാണ്. കുംഭമേള രാജ്യത്തിന്റെ ആദ്ധ്യാത്മിക, സാംസ്‌കാരിക അസ്മിതയെ പുതിയ ഉയരങ്ങളിലാണെത്തിക്കുന്നത്, മോദി തുടര്‍ന്നു.
രാഷ്‌ട്രത്തിന്റെ ഓരോ കോണിലും ഇത്തരം മേളകള്‍ ഭാവാത്മകമായ സന്ദേശങ്ങളാണെത്തിക്കുന്നത്. ദേശീയ ചിന്താധാരയുടെ അനുസ്യൂത പ്രവാഹമാണിത്. മുന്‍ സര്‍ക്കാരുകള്‍ കുംഭമേളയെ അവഗണിക്കുകയായിരുന്നു. തീര്‍ത്ഥാടകര്‍ തീരാ ദുരിതത്തിലായിരുന്നു. എന്നാല്‍ ഇക്കുറി ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ തീര്‍ത്ഥാടക ക്ഷേമം കടമയായി കാണുന്നു. വികസനവും പാരമ്പര്യ പോഷണവുമാണ് ലക്ഷ്യം. രാമായണ, ശ്രീകൃഷ്ണ, തീര്‍ത്ഥങ്കര സര്‍ക്യൂട്ടുകള്‍, സ്വദേശ് ദര്‍ശന്‍ യോജന എന്നിവ വഴി രാജ്യമൊട്ടാകെ പുണ്യകേന്ദ്രങ്ങള്‍ വികസിക്കുകയാണ്. രാമക്ഷേത്രം ഉയര്‍ന്നതോടെ അയോധ്യ മഹാനഗരമായി, മോദി ചൂണ്ടിക്കാട്ടി.
5700 കോടിയുടെ 167 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം പ്രയാഗ്‌രാജിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. ഗംഗാപൂജ ചെയ്തു. ഹനുമാന്‍ മന്ദിറില്‍ ദര്‍ശനം നടത്തി. മഹാവടവൃക്ഷത്തെ പൂജിച്ചു. സംന്യാസിമാരുടെ അനുഗ്രഹം തേടി. ഡിജിറ്റല്‍ മഹാകുംഭമേള പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കുംഭ് സഹായക് ചാറ്റ്‌ബോട്ടും പുറത്തിറക്കി. ശ്രീരാമന്റെയും നിഷാദ്‌രാജന്റെയും 51 അടി ഉയരമുള്ള പ്രതിമകള്‍ അദ്ദേഹം അനാച്ഛാദനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക