ആലുവ : യമഹ മോട്ടർസൈക്കിളുകൾ മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25), മൂത്തകുന്നം സ്റ്റാർ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം, തൃശുർ ജില്ലകളിൽ നിന്ന് യമഹ മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച് കോയമ്പത്തൂരിലും മറ്റും വിൽക്കുന്ന സംഘമാണിവർ. കൊടുങ്ങല്ലൂർ, മാള, ഞാറക്കൽ, ആലങ്ങാട്, പറവുർ എന്നീ സ്റ്റേഷൻ പരിധികളിൽ നിന്ന് യമഹ മോട്ടർസൈക്കിളുകൾ ഇവർ മോഷ്ടിച്ചിരുന്നു.
പകൽ സമയങ്ങളിൽ കറങ്ങി നടന്ന് യമഹ വാഹനങ്ങൾ ഓടിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വാഹനം സൂക്ഷിക്കുന്നത് കണ്ടു വയ്ക്കുകയും സാഹചര്യങ്ങൾ മനസിലാക്കുകയും ചെയ്യും. രാത്രിയാണ് മോഷ്ടിക്കുന്നത്. മോഷ്ടിച്ച വാഹനം അന്നു തന്നെ കോയമ്പത്തൂരെത്തിച്ച് വിൽപ്പന നടത്തും.
ഇങ്ങനെ പത്ത് യമഹ മോട്ടർസൈക്കിളുകൾ രണ്ടാഴ്ചക്കുള്ളിൽ ഇവർ മോഷ്ടിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക ടീം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ് എസ്.ഐമാരായ ടി.കെ സുധീർ, കെ.യു ഷൈൻ, എം. എ ബിജു, പി.എസ്. ശിവദാസൻ, എ.എസ്.ഐമാരായ ബിജു, ലോഹിതാക്ഷൻ സി പി ഒ സിൻ്റോ ,എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: