കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയില്‍ ന്യൂസ് ഓഫ് മലയാളം എന്ന പേജിനെതിരെ കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ എസ് ഐ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്രചാരണത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടക്കുകയാണ്. നവീന്‍ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹര്‍ജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയില്‍ വാദമുയര്‍ത്തി. നവീന്‍ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതാണെന്ന് സംശയിക്കുന്നതായി ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു.
നവീന്‍ ബാബുവിന് 55 കിലോഗ്രാം ഭാരമുണ്ടായിരുന്നു .ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചുവെന്ന് വിശ്വസിക്കാനാകില്ല. പോസ്റ്റ് മോര്‍ട്ടം ശരിയായ വിധത്തില്‍ നടന്നിട്ടില്ലെന്നും വാദമുന്നയിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞിട്ടുണ്ടെന്ന് വാദിച്ച മഞ്ജുഷയുടെ അഭിഭാഷകന്‍ അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും വ്യക്തമാക്കി.
തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണ്. കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതു പരിശോധിച്ചാല്‍ നവീന്‍ ബാബു കളക്ടറെ ഈ യോഗത്തിനുശേഷം പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക