ഡമാസ്‌കസ്: വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. സിറിയയുടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഭീകരരുടെ കൈവശമെത്താതിരിക്കാനാണ് ഇവ തകര്‍ത്തതെന്നും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.
രണ്ട് നാവിക കേന്ദ്രങ്ങളിലായി 15 നാവികസേനാ കപ്പലുകള്‍, വിമാന വേധ മിസൈലുകള്‍, ആയുധനിര്‍മാണ കേന്ദ്രങ്ങള്‍, കടലില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍ എന്നിവയെല്ലാം തകര്‍ത്തതായി ഐഡിഎഫ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബാഷര്‍ അല്‍-അസദിന്റെ ഭരണം വീണ ദിവസം പശ്ചിമേഷ്യക്ക് ചരിത്രദിനമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ നേതൃത്വം നല്കുന്ന ചെകുത്താന്റെ അച്ചുതണ്ടിന്റെ പ്രധാന കണ്ണിയുടെ പതനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ക്രൂരപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ സിറിയയിലെ ജയിലുകള്‍ അടച്ചുപൂട്ടുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി അറിയിച്ചു. ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ സുരക്ഷാസേനയെ ഇല്ലാതാക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ പിതാവും സിറിയയുടെ മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍-അസദിന്റെ ശവകുടീരം വിമതര്‍ അഗ്‌നിക്കിരയാക്കി. വടക്കന്‍ സിറിയയിലെ കര്‍ദാഹയില്‍ സ്ഥിതി ചെയ്യുന്ന ശവകുടീരമാണ് വിമതര്‍ തകര്‍ത്തത്.
രാജ്യത്തിനുപുറത്ത് കഴിയുന്ന ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളെ തിരിച്ചുകൊണ്ടുവരാനും എല്ലാ പൗരരെയും സംരക്ഷിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കാനും ആഗ്രഹിക്കുന്നുവെന്ന് സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബഷീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: