മുംബൈ: മഹാരാഷ്ട്രയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റ് സ്ലിപ്പുകളിലെ എണ്ണവും തമ്മില്‍ യാതൊരു പൊരുത്തക്കേടുകളും കണ്ടെത്താനായില്ലെന്നും അതിനാല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന മഹാവികാസ് അഘാഡി ആരോപണം തള്ളുകയാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
മഹാരാഷ്ട്രയിലെ ആകെയുള്ള 288 നിയോജകമണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് യന്ത്രങ്ങള്‍ വീതം പരിശോധിച്ചിരുന്നു. ഒട്ടാകെ 1440 വിവിപാറ്റ് മെഷീനുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ഒത്തുനോക്കി.
ഇതില്‍ യാതൊരു കൃത്രിമമൊന്നും നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അതിന് തത്തല്യമായ വിവിപാറ്റ് സ്ലിപ്പുകളും എണ്ണം ഒന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയാണ് മഹാരാഷ്ട്രയില്‍ മഹായുതി 288ല്‍ 235 സീറ്റുകളും ജയിച്ചതെന്ന പ്രചാരണം മഹാരാഷ്ട്രയിലെ എന്‍ജിഒ സംഘടനകളും കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും ശക്തമായിരുന്നു. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് അധികാരമേറ്റെടുത്തത്. അധികാരമേറ്റെടുത്ത ശേഷവും സമൂഹമാധ്യമങ്ങളില്‍ എന്‍ജിഒ സംഘടനകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന രീതിയില്‍ വന്‍തോതില്‍ കുപ്രചാരണം അഴിച്ചുവിടുകയാണ്. ഇതിന് കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേന പക്ഷവും കുടപിടിക്കുകയാണ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തി എന്ന് ആരോപിച്ച് ജനങ്ങള്‍ ഇളക്കിവിട്ട് മഹാരാഷ്ട്രയില്‍ കലാപം ഉണ്ടാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഗൂഢപദ്ധതി തയ്യാറാക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: