ന്യൂദൽഹി: പഞ്ചാബിലെയും ഹരിയാനയിലെയും ഒമ്പത് സ്ഥലങ്ങളിൽ ഗുണ്ടാ-ഭീകര ബന്ധത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി തിരച്ചിൽ നടത്തി. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവർക്കെതിരെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ മുതൽ പഞ്ചാബിലെ എട്ട് സ്ഥലങ്ങളിലും ഹരിയാനയിലെ ഒരിടത്തും റെയ്ഡ് നടന്നു.
തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ക്രിമിനൽ വ്യക്തികളെയും ശൃംഖലകളെയും തകർക്കുക എന്നതാണ് റെയ്ഡുകളുടെ ലക്ഷ്യമെന്ന് ഏജൻസി വ്യക്തമാക്കി. മേഖലയിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധം തടയാനുള്ള ഏജൻസിയുടെ തീവ്രമായ ശ്രമങ്ങളെ തുടർന്നാണിത്.
കഴിഞ്ഞ മാസം ഭീകര-ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട കേസിൽ വൻതോതിലുള്ള പരിശോധന നടന്നിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഒമ്പത് സ്ഥലങ്ങളിലും ദേവീന്ദർ ബാംബിഹ സംഘവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് ഏജൻസി വ്യാപകമായ തിരച്ചിൽ നടത്തിയത്.
ഹരിയാനയിലെ പൽവാൽ, ഫരീദാബാദ്, ഗുരുഗ്രാം ജില്ലകൾ, പഞ്ചാബിലെ ജലന്ധർ ജില്ല, ഉത്തർപ്രദേശിലെ മഥുര ജില്ല എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും മൊബൈലുകളും ഡിജിറ്റൽ ഉപകരണങ്ങളും ബാങ്കിംഗ് ഇടപാടുകളും സ്വത്തുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെടെ നിരവധി കുറ്റകരമായ വസ്തുക്കളാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
ഇന്ത്യൻ മണ്ണിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കാൻ ഈ സംഘടനകളും ഭീകരരും വലിയ തോതിലുള്ള ശ്രമങ്ങൾ നടത്തിയതായും ഏജൻസി വ്യക്തമാക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് എൻഐഎ അന്വേഷണങ്ങൾ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക