India

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധം അലയടിക്കുന്നു : അഹമ്മദാബാദിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധക്കാർ

അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ദിലീപ്ദാസ്ജി മഹാരാജ് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അയൽരാജ്യത്ത് അക്രമികൾ നശിപ്പിച്ച അവരുടെ ക്ഷേത്രങ്ങൾ എത്രയും വേഗം പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ടു.

Published by

അഹമ്മദാബാദ് : ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നു. കഴിഞ്ഞ ദിവസം അതിക്രമങ്ങളിൽ പ്രതിഷേധിച്ചും ഹിന്ദുക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നൂറുകണക്കിന് പേരാണ് അഹമ്മദാബാദിലെ സബർമതി നദീതീരത്തുള്ള റോഡിൽ ഒരു കിലോമീറ്ററിലധികം നീളമുള്ള മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്.

ഹിന്ദു ഹീത് രക്ഷാ സമിതി എന്ന സംഘടന നൽകിയ ആഹ്വാനപ്രകാരമാണ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും മതനേതാക്കളും ഹിന്ദു ദർശകരും മനുഷ്യച്ചങ്ങല രൂപീകരിച്ചത്. എല്ലാ വർഷവും ഡിസംബർ 10ന് ആചരിക്കുന്ന മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചാണ് പ്രതിഷേധം.

നദീതീരത്ത് തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മുഴുവൻ ഹിന്ദു സമൂഹവും ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് ആർഎസ്എസ് നേതാവ് ഭരത് പട്ടേൽ പറഞ്ഞു.

” മനുഷ്യാവകാശങ്ങൾ പോലെ, ആളുകൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഒരു സന്ദേശം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു -ഞങ്ങൾ, ഇന്ത്യക്കാർ, അവർക്കൊപ്പമാണ്. അവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ പോരാടാൻ ഇത് അവരെ സഹായിക്കും, ”-പട്ടേൽ പറഞ്ഞു.

അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ദിലീപ്ദാസ്ജി മഹാരാജ് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അയൽരാജ്യത്ത് അക്രമികൾ നശിപ്പിച്ച അവരുടെ ക്ഷേത്രങ്ങൾ എത്രയും വേഗം പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ടു.

ബംഗ്ലാദേശിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര-ഗുജറാത്ത് സർക്കാരുകൾ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by