ഗുവാഹത്തി (ആസാം): ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനെതിരെ നൊബേല്‍ പാനലിന് നൂറുകണക്കിന് പൗരന്മാര് ഒപ്പിട്ട കത്ത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാവാണ് ബംഗ്ലാദേശില്‍ അസമാധാനം സൃഷ്ടിക്കുന്നതെന്ന് ആസാമിലെ കച്ചാര്‍ ജില്ലയില്‍ നിന്നുള്ള പൗരന്മാര് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിലേക്ക് നൊബേല്‍ കമ്മിറ്റിയുടെ ശ്രദ്ധക്ഷണിക്കാനാണ് ഈ കത്ത്.
സമാധാനം, നീതി, മാനുഷികമായ അഭിമാനം എന്നീ നൊബേല്‍ സമ്മാനത്തിന്റെ ആശയങ്ങളെ തകര്‍ക്കുന്നതാണ് ബംഗ്ലാദേശിലെ അക്രമങ്ങള്‍. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമം ഒറ്റപ്പെട്ടതല്ല, മറിച്ച് സ്ഥാപനവല്കരിക്കപ്പെട്ട വിപുലമായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഡോ. യൂനസിന്റെ പരാജയം വ്യക്തമാണ്. ഈ ആക്രമണങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും പിന്നിലെ മാസ്റ്റര്‍ മൈന്‍ഡ് യൂനസാണെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചിട്ടുണ്ട്.
സമാധാനത്തിനുള്ള നോബേല്‍ സമ്മാനം, അക്രമത്തിനും ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലിനും നേരിട്ട് നേതൃത്വം നല്കുന്ന ഒരാളുടെ പേരിലുറപ്പിക്കുന്നത് പുരസ്കാരത്തിന്റെ ധാര്‍മികമായ അധികാരങ്ങള്‍ നഷ്ടപ്പെടുത്തും. സമാധാന നൊബേല്‍ നേടിയ ഡോ. യൂനസ് ഇപ്പോള്‍ പീഡനത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. ഈ സംഭവ വികാസങ്ങളോട് പ്രതികരിക്കാനും അടിയന്തരവും നിര്‍ണായകവുമായ നടപടിയെടുക്കാനും സമിതി തയാറാവണം.
സമാധാന നൊബേല്‍ ജേതാവ് എന്ന നിലയിലുള്ള അഗാധമായ ധാര്‍മിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് യൂനസിനെ ഓര്‍മിപ്പിക്കുകയും ഈ ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മൂര്‍ച്ചയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യണം. ഭാവി പുരസ്കാര ജേതാക്കള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കണം, കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: