ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി ബാലഭാസ്കര്‍ മനസ് തുറന്നിരിക്കുകയാണ്. തന്റ ഭര്‍ത്താവ് ബാലഭാസ്കറേയും മകളേയും കവര്‍ന്നെടുത്ത ആ അപകടത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും അവരെ വിട്ടു പോയിട്ടില്ല. നാളിതുവരെ തുടര്‍ന്നു കൊണ്ടിരുന്ന വിവാദങ്ങളിലൊന്നും അവര്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ താന്‍ കണ്ടതും അനുഭവിച്ചതുമെല്ലാം ലക്ഷ്മി തുറന്ന് പറഞ്ഞിരിക്കുകയാണ്
എന്തുകൊണ്ടാണ് താന്‍ ഇത്രയും നാള് മിണ്ടാതിരുന്നതെന്നും ഇപ്പോള്‍ എന്തുകൊണ്ടാണ് സംസാരിക്കാന്‍ തയ്യാറായതെന്നും അഭിമുഖത്തില്‍ ലക്ഷ്മി തന്നെ വ്യക്തമാക്കുന്നുണ്ട്.
അപകടത്തില്‍ ശാരീരികമായി ബാധിക്കപ്പെട്ട ഒരാള്‍ കൂടിയാണ് ഞാന്‍. അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയത്ത് തന്നെ മാനസികമായ ബുദ്ധിമുട്ടുകളും എന്നെ ബാധിക്കുന്നുണ്ടായിരുന്നു. മാസങ്ങള്‍ വേണ്ടി വന്നു എനിക്ക് യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍. അതുവരെ ഡ്വുവല്‍ ലൈഫ് പോലൊരു മാനസികാവസ്ഥയായിരുന്നു. ബ്രെയിന്‍ ഇഞ്ചുറിയ്ക്ക് ശേഷം റിക്കവര്‍ ചെയ്തു വരുമ്പോഴേക്കും വിവാദങ്ങള്‍ തുടങ്ങി. പിന്നെ ലീഗല്‍ ആയിട്ടുള്ള കാര്യങ്ങള്‍ തുടങ്ങി. അപ്പോള്‍ എന്റെ സ്റ്റാന്റ് എന്താണെന്ന് വച്ചാല്‍, എനിക്ക് കിട്ടിയിട്ടുള്ള ഊര്‍ജ്ജം നിയമപരമായിട്ടുള്ള കാര്യങ്ങള്‍ക്കായി നല്‍കുക എന്നതായിരുന്നു.” എന്നാണ് ലക്ഷ്മി പറയുന്നത്.
സംസാരശേഷി തിരിച്ചു കിട്ടിയ സമയം മുതല്‍, ആദ്യം ലോക്കല്‍ പൊലീസിനും പിന്നെ ക്രൈം ബ്രാഞ്ചിനും അത് കഴിഞ്ഞ് സിബിഐയ്ക്കും. പിന്നെ കോടതിയുടെ മുന്നിലും മൊഴി കൊടുത്തു. ഒരു തവണ പോലും എന്റെ വയ്യായികയോ അസൗകര്യമോ മൂലം മാറ്റി വച്ചിട്ടില്ല. അതൊന്നും പബ്ലിക്കില്‍ വരാത്ത കാര്യങ്ങള്‍ ആയതിനാലാണ് ആരും അറിയാതിരുന്നത്. ഞാന്‍ ബോധത്തില്‍ വന്നത് മുതല്‍ തന്നെ കൊടുക്കുന്നുണ്ടായിരുന്നുവെന്നും ലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ താന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായതെന്നും അവര്‍ തുറന്നു പറയുന്നുണ്ട്.
ഇപ്പോള്‍ സംസാരിക്കാന്‍ തയ്യാറാകുന്നതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട് എന്നാണ് ലക്ഷ്മി പറയുന്നത്. ഒന്നാമത്തേത്, സിബിഐയുടെ രണ്ടാമത്തെ ഘട്ടം മൊഴിയടുക്കല്‍ കഴിഞ്ഞു. പിന്നെ, ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ലീഗല്‍ റെക്കോര്‍ഡാണ്. പക്ഷെ ബാലുവിനെ സ്നേഹിക്കുന്ന ഒരു വിഭാഗം ആള്ക്കാര് ഞാനിത് പറഞ്ഞ് കേള്‍ക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ് ലക്ഷ്മി പറയുന്നത്. തനിക്ക് അവരുടെ മുന്നില്‍ ഞാന്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ പറയണം എന്ന് തോന്നി എന്നാണ് ലക്ഷ്മി നല്കുന്ന വിശദീകരണം.
അതേസമയം, ഇപ്പോഴും ഞാന്‍ പറയുന്നത് എല്ലാവരും വിശ്വസിക്കില്ലെന്ന് അറിയാം. അതിനുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അറിയാം. അതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ ഞാന്‍ പറഞ്ഞാല്‍ മനസിലാകുന്ന ചെറിയൊരു ശതമാനം ആളുകളുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെന്നാണ് ലക്ഷ്മി പറയുന്നത്. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇനിയും ഉണ്ടാക്കും. പറയാനുള്ളവര്‍ ഇനിയും പറയും. ഞാന്‍ കണ്ടത് മാത്രമേ എനിക്ക് പറയാന്‍ സാധിക്കുകയുള്ളൂ. എനിക്ക് അറിയുന്ന കാര്യങ്ങളും ബാലു എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങളും മാത്രമേ എനിക്ക് പറയാനാകൂവെന്നും അവര്‍ പറയുന്നു
ഊഹാപോഹങ്ങള്‍ പറയാനാകില്ല. എന്റെ ഭര്‍ത്താവിന്റേയും മകളുടേയും മരണത്തിനൊപ്പം കുറ്റം ചെയ്യാത്ത ഒരാളുടെ കണ്ണീര് കൂടെ ഉണ്ടാകണമെന്ന് എനിക്ക് ആഗ്രഹമില്ല. കുറ്റം ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ കുറ്റവാളികള്‍ അവാതിരിക്കുക. അത്രയുമാണ് എന്റെ ആഗ്രഹം എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഭര്‍ത്താവിന്റേയും മകളുടേയും മരണത്തിന് കാരണമായ അപകടമുണ്ടാകുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ ആയിരുന്ന അര്ജുന് തന്നെയാണെന്നാണ് ലക്ഷ്മി പറയുന്നത്. ഇക്കാര്യങ്ങള്‍ അര്ജുന് തന്റെ സുഹൃത്തുക്കളോട് സമ്മതിച്ചിരുന്നതാണെന്നും ലക്ഷ്മി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: