മണ്ണാര്ക്കാട്: മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള അരിയൂര് സര്വീസ് സഹകരണ ബാങ്കില് കോടികളുടെ അഴിമതിയാരോപണം. ലീഗ് ജില്ലാ സെക്രട്ടറിയും മുന് പ്രസിഡന്റുമായ അഡ്വ. ടി.എ. സിദ്ദിഖിന്റെ കാലത്താണ് ഏറ്റവും വലിയ അഴിമതി നടന്നതെന്നാണ് സഹകരണസംഘം അസി.രജിസ്ട്രാറുടെ റിപ്പോര്ട്ടില് പറയുന്നത്. കുടിശ്ശിക നിവാരണം, 10 താല്ക്കാലിക ജീവനക്കാരുടെ നിയമനം, നിക്ഷേപങ്ങള്ക്കുള്ള പലിശ എന്നിവയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിലെ അഴിമതി സംബന്ധിച്ച് ജന്മഭൂമി നല്കിയ വാര്ത്ത ശരിവയ്ക്കുന്നതാണ് അസി.രജിസ്ട്രാറുടെ റിപ്പോര്ട്ട്.
2.84 കോടി രൂപ അക്കാലത്തെ ഭരണസമിതി അംഗങ്ങളില് നിന്ന് ഈടാക്കണമെന്നും പറയുന്നു. നിലവില് ബാങ്കിന്റെ 13500 രൂപയാണെന്നും പറയുന്നു. 41 കോടിയോളം രൂപയുടെ നിക്ഷേപങ്ങള് തിരിച്ചു നല്കിയതായാണ് രേഖകള് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഭരണസമിതി അംഗങ്ങളില് നിന്ന് തിരിച്ചുപിടിക്കേണ്ട 1.60 കോടി രൂപയും, ജീവനക്കാരില് നിന്ന് തിരിച്ചുപിടിക്കേണ്ട 81 ലക്ഷംരൂപയും ഇതുവരെയും തിരിച്ചുപിടിച്ചിട്ടില്ല. മാത്രമല്ല, വായ്പക്കാര്ക്ക് നിയമാനുസൃതം ലഭിക്കേണ്ട ഇളവുകള് കമ്പ്യൂട്ടറില് കൃത്രിമം കാണിച്ച് വെട്ടിപ്പ് നടത്തിയതായും പറയുന്നു.
ഏകദേശം 10 കോടിയോളം രൂപയുടെ നഷ്ടത്തിലാണ് ബാങ്ക് ഇപ്പോള് പ്രവര്ത്തിക്കുന്നത്. മാത്രമല്ല കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉള്പ്പെടെ മൂന്ന് കോടിയില്പ്പരം രൂപ ബാങ്കില് നിന്ന് തിരിച്ചുകിട്ടാനാകാത്ത വിധം പ്രതിസന്ധിയിലാണ്. ചുരുക്കത്തില് ഇതുമൂലം പഞ്ചായത്തിന്റെ വികസന പ്രവര്ത്തനങ്ങള് അടക്കം സ്തംഭനാവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് താല്ക്കാലിക ജീവനക്കാരെ നിയമിച്ചതെന്നും പറയുന്നു. മാത്രമല്ല, ബാങ്കിന്റെ ക്ലാസ് ഒന്ന് സ്പെഷ്യല് ഗ്രേഡ് പദവിയും നഷ്ടമായി. ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും എംഎല്എയുമായി എന്. ഷംസുദീനടക്കമുള്ള സംസ്ഥാന-ജില്ലാ നേതൃത്വം ഇക്കാര്യത്തില് മൗനം പാലിക്കുകയാണ്. ബാങ്കിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് നേതാക്കളായ എന്.കെ നാരായണന് കുട്ടി, കെ.കെ രാജന്, ടി.ആര് സെബാസ്റ്റ്യന്, എം. വിനോദ് കുമാര്,എം. മനോജ് , പി. പങ്കജവല്ലി തുടങ്ങിയവര് പത്രസമ്മേളനത്തില് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: