മംഗളൂരു: സമഗ്രമായ വ്യക്തിത്വ വികാസമാകണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മനുഷ്യന്‍ വെറും ശരീരം മാത്രമല്ല, ബുദ്ധിയും ആത്മാവും കൂടി ചേര്‍ന്നതാണെന്ന കാഴ്ചപ്പാട് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ മംഗളൂരു കല്ലഡ്കയില്‍ ശ്രീരാം വിദ്യാകേന്ദ്രത്തില്‍ സംഘടിപ്പിച്ച കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
വിദ്യാഭ്യാസം വ്യക്തിയുടെ ഉപജീവനത്തിന് മാത്രമുള്ളതല്ല, അത് സാമാജിക ശാക്തീകരണത്തിനും അതുവഴി രാഷ്‌ട്രോത്ഥാനത്തിനും ഉപകരിക്കുന്നതാകണം. സൈദ്ധാന്തിക പരിജ്ഞാനം മാത്രമല്ല, പ്രായോഗിക പരിജ്ഞാനവും കൂടിയാണ് ഇത്തരം വിദ്യാഭ്യാസം നല്‍കുന്നത്. എല്ലാ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ നൈപുണ്യം നേടണം. പുസ്തകവായന കൊണ്ട് മാത്രം പണ്ഡിതനാക്കുന്നില്ല. ലോകത്തെ മുഴുവന്‍ സമന്വയിപ്പിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ പണ്ഡിതന്‍.
എല്ലാവരെയും സ്വന്തമെന്ന് കണക്കാക്കുമ്പോള്‍ത്തന്നെ ദ്രോഹമുണ്ടാക്കുന്നവരില്‍ സ്വയം രക്ഷ നേടാനും പഠിക്കണം. എല്ലാവരോടും ക്ഷമിക്കുന്നവരായിരിക്കണം നമ്മള്‍. ക്ഷമയാണ് ധീരന്മാരുടെ അലങ്കാരം. ആവശ്യമുള്ളത് മാത്രം സമ്പാദിച്ച് മറ്റുള്ളതത്രയും സമൂഹത്തിലേക്കും പ്രകൃതിയിലേക്കും തിരികെ നല്‍കുന്നവരാണ് യഥാര്‍ത്ഥത്തില്‍ വിദ്യാസമ്പന്നര്‍, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
ശ്രീരാമ വിദ്യാകേന്ദ്രം പ്രസിഡന്റ് ഡോ. കല്ലഡ്ക പ്രഭാകര്‍ ഭട്ട്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ, ക്ഷേത്രീയ സംഘചാലക് ഡോ. പി.വാമന്‍ ഷേണായി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: