കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് ഉത്തരവ് ചോദ്യം ചെയ്ത് ഫറൂഖ് കോളജ് മാനേജ്മെന്റ് നല്കിയ ഹര്‍ജി വഖഫ് ട്രൈബ്യൂണല്‍ പരിഗണനയ്ക്കായി 27ലേക്ക് മാറ്റി.
കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങില്‍ ഹര്‍ജി പരിഗണിക്കും. കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ സമിതിയുടെയും സിദ്ദിഖ് സേഠിന്റെ കുടുംബത്തിന്റെയും ഹര്‍ജി കോഴിക്കോട് ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചു. മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ ഭൂമിയില്‍ വഖഫ് അവകാശമുന്നയിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം.
തിരുവിതാംകൂര്‍ മഹാരാജാവ് 1948 ല്‍ ഗുജറാത്തുകാരനായ സിദ്ദിഖ് സേഠിന്റെ പേരില്‍ തീറാധാരം ചെയ്ത ഭൂമിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനില്‍ക്കുന്നത്. 1950ല്‍ സിദ്ദിഖ് സേഠ് കോഴിക്കോട്ടെ ഫറൂഖ് കോളജിന് ഈ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നല്‍കിയിരുന്നു. പിന്നീട് അവരില്‍ നിന്ന് മുനമ്പം ജനത പണം കൊടുത്ത് ഭൂമി വാങ്ങി. ആ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചു.
മുനമ്പം നിവാസികള്‍ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയതോടെയാണ് വഖഫ് ഭീകരത മറനീക്കിയത്. മുനമ്പത്തെ 610 കുടുംബങ്ങള്‍ പണം കൊടുത്തു വാങ്ങിയ ഭൂമിക്കുമേല്‍ വഖഫ് അവകാശം ഉന്നയിച്ചതിനെതിരെ നടത്തുന്ന സമരം 56 ദിവസം പിന്നിട്ടു.
മുനമ്പം ഭൂമി തങ്ങള്‍ക്ക് വഖഫ് ചെയ്തതല്ലെന്നും ദാനമായി കിട്ടിയതാണെന്നുമാണ് ഫറൂഖ് കോളജ് മാനേജ്മെന്റ് പറയുന്നത്. സിദ്ദിഖ് സേഠ് ഫറൂഖ് കോളജിന് നല്കിയ 404 ഏക്കര്‍ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തര്‍ക്കം. മുനമ്പത്തെ ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് വില്പന നടത്തിയെന്ന് പറഞ്ഞ് 2019 ല്‍ ഈ ഭൂമി വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. ഭൂമിയില്‍നിന്ന് നികുതി പിരിക്കുന്നതും തടഞ്ഞു. അതിനെതിരെയാണ് ഫറൂഖ് കോളജിന്റെ ഹര്‍ജി. അത് വഖഫ് ഭൂമിയല്ലെന്ന് ഫറൂക്ക് കോളജ് മാനേജ്മെന്റ് പറയുന്നു.
അതിനാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളജ് മാനേജ്മെന്റ് ഹര്‍ജി നല്‍കിയത്. അതേ സമയം കേസില്‍ സിദ്ദിഖ് സേഠിന്റെ കുടുംബം, വഖഫ് സംരക്ഷണ സമിതി എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: