കോട്ടയം: ആര്‍എസ്എസ് മുന്‍ താലൂക്ക് ശാരീരിക് പ്രമുഖ് പൊന്‍കുന്നം തെക്കേത്തുകവല കുന്നത്ത് വീട്ടില്‍ രമേശിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും വിവിധ വകുപ്പുകളിലായി 75,000 രൂപ പിഴയും ശിക്ഷ. 307 ാം വകുപ്പില്‍ ഏഴു വര്‍ഷവും 324ാം വകുപ്പില്‍ 3 വര്‍ഷവും 326ാം വകുപ്പില്‍ അഞ്ചു വര്‍ഷവുമാണ് ശിക്ഷ. എല്ലാം കൂടി ഒന്നിച്ചനുഭവിച്ചാല്‍ മതി.
സിപിഎം ചെറുവള്ളി ലോക്കല്‍ കമ്മറ്റി അംഗം തെക്കേത്തുകവല തുണ്ടത്തില്‍ മുകേഷ് മുരളി (കുറുക്കന് കണ്ണന്) കൊട്ടാടിക്കുന്ന് സ്വദേശി റിയാസ് ഖാന്, കുടുംബിയാംകുഴി കാര്‍ത്തിക് മനോജ് എന്നിവരെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ച് ജഡ്ജി പി. മോഹനകൃഷ്ണന് ശിക്ഷിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.
2018 ജൂണ്‍ എട്ടിനായിരുന്നു സംഭവം. തെക്കേത്തുകവല കൊട്ടാടികുന്നിന് സമീപത്തുവെച്ചാണ് രമേശിനെ ആക്രമിച്ചത്. വെട്ടേറ്റ് രമേശിന്റെ ഇടതുകാല് അറ്റുതൂങ്ങി. രമേശിന് ഒപ്പമുണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായ അതുല്‍, പാറയില്‍ സതീശന് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുകേഷ് മുരളിയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്ന് പോലീസ് ശിപാര്‍ശ ചെയ്തിരുന്നതാണ്.. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. ജയചന്ദ്രന്, അഡ്വ. സജി എസ്. നായര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: