കൊല്‍ക്കത്ത: ഹിന്ദുവാണെന്നു പറഞ്ഞതിന്റെ പേരില്‍ ബംഗ്ലാദേശിലെ ഢാക്കയില്‍ മതമൗലികവാദികളുടെ ആക്രമണത്തിനിരയായ സയാന് ഘോഷെന്ന ഇരുപത്തിരണ്ടുകാരനു മുന്നില്‍ പാദ നമസ്കാരം ചെയ്ത് ബിജെപി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. കൊല്‍ക്കത്തയില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത മഹാപ്രതിഷേധ റാലിയിലാണ് വികാര നിര്‍ഭര രംഗം.
കൊല്‍ക്കത്തയ്ക്കടുത്ത് ബല്ഗരിയക്കാരനായ സയാന് നവംബര്‍ 26നാണ് സുഹൃത്തിനെ കാണാന്‍ ഢാക്കയില്‍ പോയത്. അക്രമികള്‍ വളഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ മുസ്ലിമാണെന്ന് പറഞ്ഞാല്‍ മതിയെന്ന് കൂട്ടുകാരന് പറഞ്ഞിട്ടും സയാന് വഴങ്ങിയില്ല. അഞ്ചംഗ അക്രമി സംഘം സയാന്റെ തലയ്ക്ക് ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. സുഹൃത്തിന്റെ ഇടപെടലിലാണ് ജീവന് തിരികെക്കിട്ടിയത്. കൊല്‍ക്കത്തയിലെ വേദിയില്‍ സയാനെ സുവേന്ദു അധികാരി ആദരിക്കുമ്പോള്‍ സദസാകെ ഹരേ കൃഷ്ണ ആരവം മുഴക്കി.
ബംഗ്ലാദേശിലെ ഹിന്ദു ആചാര്യന് ചിന്മയ് കൃഷ്ണ ദാസിന്റെ മോചനം ആവശ്യപ്പെട്ടും അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുമാണ് കൊല്‍ക്കത്തയിലെ എസ്പ്ലനേഡ് ഏരിയയില്‍ മഹാറാലി നടന്നത്. ശംഖനാദം മുഴക്കിയും ജയ്ശ്രീറാം, ജയ് ബജ്രംഗ ബലി മന്ത്രങ്ങള്‍ മുഴക്കിയും സ്ത്രീകളടക്കം പതിനായിരങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: