തിരുവനന്തപുരം:സി പി എം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തിനായി നടുറോഡില്‍ സ്റ്റേജ് കെട്ടി ഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെയാണ് കേസെടുത്തത്. തലസ്ഥാനത്തെ തിരക്കേറിയ വഞ്ചിയൂരിലാണ് റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും സ്റ്റേജ് കെട്ടിയടച്ചത്.
ഗതാഗതം തടസപ്പെടുത്തി കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കണ്ടാലറിയാവുന്ന 500ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ജില്ലാ കോടതിക്കും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനും മുന്നിലാണ് സംസ്ഥാന ഭരണം കയ്യിലുളളതിന്റെ ധാര്ഷ്ട്യത്തില് സി പി എം സ്റ്റേജ് കെട്ടിയത്.പൊതുഗതാഗതം തടസപ്പെടുത്തിയുളള പൊതുസമ്മേളനങ്ങള്‍ വിലക്കിയുളള കോടതി ഉത്തരവ് നില്‍നില്‍ക്കെയാണ് കോടതിക്കും പൊലീസ് സ്റ്റേഷനും മുന്നില്‍ റോഡ് കെട്ടിയടച്ച് സ്റ്റേജ് നിര്‍മ്മിച്ചത്.
സ്റ്റേജ് കെട്ടിയതോടെ രണ്ട് വരി ഗതാഗതം ഒരുവരിയിലേക്ക് ചുരുങ്ങി. രാവിലെ മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ട് നാല് മണിക്ക് സ്കൂളും ഓഫീസും എല്ലാം വിട്ടതോടെ വലിയ തോതില്‍ അധികരിച്ചു.പൊലീസ് ഏറെ പണിപ്പെട്ടാണ് കുരുക്കഴിച്ചത്. അടച്ചിട്ട റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ ഇരുവശത്ത് നിന്നും വഴി തിരിച്ച് വിട്ടാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടത്.
അതേസമയം റോഡ് അടച്ച് സ്റ്റേജ് നിര്‍മ്മിക്കരുതെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നതായാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. സംഘര്‍ഷം ഉണ്ടാവാതിരിക്കാനാണ് സ്റ്റേജ് പൊളിച്ച് മാറ്റാനും അറസ്റ്റിനും മുതിരാതിരുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുത്ത സമ്മേളന ശേഷം നാടകവുമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞാണ് കേസെടുത്തത്.
അതേസമയം, അനുമതി വാങ്ങിയാണ് റോഡില്‍ വേദിയൊരുക്കിയത് എന്ന്
പാളയം ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ കൂടിയായ വഞ്ചിയൂര്‍ ബാബു അവകാശപ്പെട്ടു. എന്നാല്‍ പൊലീസ് ഈ വാദം തള്ളി. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് അനുമതി വാങ്ങിയതെന്നും നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: