തുഷാര്‍ വെള്ളാപ്പള്ളി
(അദ്ധ്യക്ഷന്‍, ബിഡിജെഎസ്,
കണ്‍വീനര്‍, എന്‍ഡിഎ കേരളം)
കേരളം പോലെ രാഷ്‌ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് എത്രയോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ സംസ്ഥാനത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കിടയിലേക്ക് കൊടുങ്കാറ്റ് പോലെ അവതരിച്ച ഭാരതീയ ധര്‍മ്മ ജന സേന (ബിഡിജെഎസ്) കുറഞ്ഞ കാലം കൊണ്ട് രാഷ്‌ട്രീയ കേരളത്തില്‍ ഉയര്‍ത്തിയ പ്രകമ്പനത്തിന്റെ അലയൊലികള്‍ ഇന്നും നിലനില്‍ക്കുന്നത് ആ പാര്‍ട്ടിയുടെ സാമൂഹിക പ്രസക്തി കൊണ്ടാണ്. സംഘടിത മതന്യൂനപക്ഷ വോട്ടുബാങ്കുകളില്‍ കേന്ദ്രീകരിച്ച് വട്ടംചുറ്റിയിരുന്ന കേരള രാഷ്‌ട്രീയം കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് അടിമുടി മാറി. അതിന് വഴിയൊരുക്കിയത് ബിഡിജെഎസിന്റെ രംഗപ്രവേശമായിരുന്നു. സവിശേഷമായ രാഷ്‌ട്രീയ സാഹചര്യത്തിന്റെ പരിണതിയായിരുന്നു ഈ പാര്‍ട്ടിയുടെ പിറവി. സാമൂഹ്യമായ സമ്മര്‍ദങ്ങള്‍ ബിഡിജെഎസിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയെന്ന് പറഞ്ഞാലും തെറ്റില്ല.
നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ നേതൃത്വത്തില്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ.) ഭാഗമാകാന്‍ കിട്ടിയ അവസരമാണ് ബിഡിജെഎസിന്റെ വളര്‍ച്ചയ്‌ക്ക് പ്രോത്സാഹനമായത്. കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെയും അവഗണിക്കപ്പെട്ട സമൂഹങ്ങളുടെയും കൈകളിലെ ജ്വലിക്കുന്ന പന്തമായി ബിഡിജെഎസ് മാറി. പുതിയ മേഖലകളില്‍ ബിഡിജെസിലൂടെ കരുത്ത് നേടാന്‍ ബിജെപിക്കും കഴിഞ്ഞു. കേരള രാഷ്‌ട്രീയം അങ്ങനെ മൂന്നു മുന്നണികള്‍ തമ്മിലെ പോരാട്ടമായി മാറി.
വോട്ട് ബാങ്ക് രാഷ്‌ട്രീയം കേരളത്തെ ഗ്രസിച്ച അര്‍ബുദമാണ്. അത് തിരിച്ചറിഞ്ഞിട്ടും അധികാരം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ച ചെയ്തും അവരെ പുല്‍കുന്ന ഇടതു, വലതു പാര്‍ട്ടികളില്‍ നിന്നുള്ള മോചനമാര്‍ഗമായി എന്‍ഡിഎ മുന്നണിയെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയതിനു പിന്നില്‍ ബിഡിജെഎസിന്റെ സാന്നിധ്യം പ്രധാന ഘടകമായിരുന്നു. വിവേചനങ്ങള്‍ക്കെതിരെ നേരില്‍ പോരാടാനുള്ള മാര്‍ഗം തേടിയിരുന്നവര്‍ക്ക് ബിഡിജെഎസ് താങ്ങായി.
കേരളത്തില്‍ എന്‍ഡിഎയുടെ മുന്നേറ്റത്തിലും വിജയങ്ങളിലും ബിഡിജെഎസ് അതിന്റേതായ പങ്ക് മികച്ച രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ട്. നേമം നിയമസഭാ മണ്ഡലത്തിലേയും തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലേയും വിജയങ്ങള്‍ നിര്‍ണായകമായി. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലും മികച്ച നേട്ടമാണ് മുന്നണി കൈവരിച്ചത്. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയവും ആലപ്പുഴ, തിരുവനന്തപുരം, ആറ്റിങ്ങല്‍ തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളിലെ എന്‍ഡിഎയുടെ മുന്നേറ്റവും ഇടതു-വലതു മുന്നണികളുടെ തായ്‌വേരിളക്കി. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും കേരള രാഷ്‌ട്രീയത്തിന്റെ ഗതി മാറ്റിയെഴുതാന്‍ ബിഡിജെഎസ് നിര്‍ണായക പങ്കുവഹിക്കും എന്നുറപ്പ്.
കേരളത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും ബിഡിജെഎസ് രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സംസ്ഥാന ഭരണപക്ഷവും പ്രതിപക്ഷവും സംസ്ഥാനത്തിന് വേണ്ട വികസനങ്ങള്‍ ചോദിച്ച് വാങ്ങുന്നതില്‍ അലംഭാവം കാട്ടുകയാണ്. ഐഐടി, എയിംസ്, കാര്‍ഷിക സബ്സിഡികള്‍, റോഡ് വികസന ഫണ്ട്, പരമ്പരാഗത വ്യവസായ പുനരുദ്ധാരണം, ആഴക്കടല്‍ മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങി കേരളത്തിന് വേണ്ട ഒട്ടേറെ പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി ബിഡിജെഎസ് നേതൃത്വം ചര്‍ച്ച നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മുനമ്പം വഖഫ് ഭൂമി പ്രശ്നം ഉള്‍പ്പടെയുള്ള കേരളത്തിലെ വഖഫ് നിയമ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടി മുന്നിലുണ്ടായിരുന്നു.
അസാധ്യമെന്ന് പതിറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞിരുന്ന പലതും സാധ്യമാണെന്ന് തെളിയിക്കാന്‍ രണ്ടാം മോദി സര്‍ക്കാരിനു കഴിഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് ഇല്ലാതാക്കിയതും മുസ്ലിം വനിതകളെ തുല്യാവകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന്റെ ആദ്യപടിയായി മുത്തലാഖ് അവസാനിപ്പിച്ചതും അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണവും വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കാരങ്ങളും കരുത്തുറ്റ നേതൃത്വത്തിന്റെ സാന്നിദ്ധ്യമാണ് കാണിച്ചുതരുന്നത്. ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മധ്യവര്‍ഗത്തിന്റെയും പട്ടികജാതി-പട്ടികവര്‍ഗക്കാരുടെയും ആഗ്രഹങ്ങള്‍ സഫലമാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭാഗമാണ് ബിഡിജെഎസ് എന്ന് പറയാന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനമുണ്ട്
സത്യവും ധര്‍മ്മവും മുറുകെ പിടിച്ചു പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനമായ ഭാരത് ധര്‍മ്മ ജന സേന, കേരളരാഷ്‌ട്രീയത്തിലെ നിര്‍ണായക ഘടകമായി മാറിയതിന് പിന്നില്‍ മോദി പ്രഭാവവും എന്‍ഡിഎയുടെ കരുത്തുമുണ്ട്. കേരളത്തിലെ ഏതൊരു മണ്ഡലത്തിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാനുള്ള ശേഷി ബിഡിജെഎസ് ആര്‍ജിച്ചത് സത്യസന്ധരായ, കഠിനാദ്ധ്വാനികളായ ആയിരക്കണക്കിന് സാധാരണ പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ പുണ്യം കൊണ്ടാണ്. അവരാണ് ഈ പാര്‍ട്ടിയുടെ ജീവന്‍. ഇത്രയും കാലം അവഗണിക്കപ്പെട്ടു കിടന്ന ഇവരില്‍ നിന്നുള്ള നൂറുകണക്കിന് വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃപദവികളിലേക്കും കൊണ്ടുവരാനും പാര്‍ട്ടിക്കായി. കേരളത്തില്‍ പുതിയൊരു രാഷ്‌ട്രീയ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ബിഡിജെഎസ് ദൗത്യം. വോട്ടുകുത്താന്‍ മാത്രമല്ല, അധികാരത്തില്‍ പങ്കാളിയാകാനും ഇവിടെ ആളുണ്ടെന്ന് തെളിയിക്കുകയും വേണം. അതിനുള്ള പോരാട്ടങ്ങളിലേക്ക് നിങ്ങള്‍ക്കും കടന്നുവരാം. പോരാടാം നമുക്കൊന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: