കൊച്ചി: മുനമ്പം സമരക്കാരെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈബി ഈഡന്‍ എംപിക്കും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി. സമരക്കാരെ കാണാന്‍ ഇതുവരെ എത്താതിരുന്ന ഇവര്‍ സമരത്തിന്റെ 51-ാം ദിവസം എത്തിയതിനെ വഖഫ് പൈശാചികതയ്‌ക്ക് എതിരെ സമരം ചെയ്യുന്നവര്‍ ചോദ്യം ചെയ്തു.
തങ്ങളുടെ ഭൂമിയുടെ മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുകയും ഭൂമിക്ക് മേല്‍ വഖഫ് ബോര്‍ഡ് ഉന്നയിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ ഏകപക്ഷീയമായി പിന്‍വലിക്കുകയും വേണമെന്നാണ് മുനമ്പം ജനതയുടെ ആവശ്യം. ഇക്കാര്യങ്ങള്‍ അവര്‍ ഇന്നലെ സതീശനോടും ഹൈബിയോടും ചോദിച്ചെങ്കിലും അവയ്‌ക്ക് മറുപടി ഉണ്ടായിരുന്നില്ല.
മുനമ്പത്തു നിന്നും ഒരാളെങ്കിലും കുടിയിറക്കപ്പെട്ടാല്‍ ഞാന്‍ എന്റെ എംപി സ്ഥാനം രാജിവയ്‌ക്കും എന്നാണ് ഹൈബി ഈഡന്‍ പറഞ്ഞത്. എന്നാല്‍ മുനമ്പം ജനതയെ അവിടെ നിന്നും ബലപ്രയോഗത്തിലൂടെ കുടിയിറക്കാന്‍ വഖഫ് ബോര്‍ഡല്ല ആര് ശ്രമിച്ചാലും നടക്കില്ലെന്നും അത്തരത്തിലൊരു ശ്രമം ഉണ്ടാവില്ലായെന്നും ഹൈബി ഈഡനും, വി.ഡി. സതീശനും അറിയാമെന്ന് മുനമ്പത്തുകാര്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടി. അതിനാല്‍ അക്കാര്യം പറയേണ്ട, റവന്യൂ അവകാശം പുനസ്ഥാപിക്കുമോയെന്നാണ് അറിയേണ്ടത് എന്നായിരുന്നു പലരും ചോദിച്ചത്.
പ്രസംഗത്തിനിടെ, കുടിയിറക്ക് അല്ല ഞങ്ങളുടെ പ്രശ്‌നം, ഞങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ച് കിട്ടുകയാണെന്നാണ് ഒരു വീട്ടമ്മ ഹൈബിയോട് പറഞ്ഞത്. അതു നമുക്ക് പിന്നീട് സംസാരിക്കാം എനിക്ക് ആളെ മനസിലായി എന്ന മറുപടി നല്കി ഹൈബി തലയൂരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: