മുംബൈ: മഹാരാഷ്‌ട്രയില്‍ മുഖ്യന്ത്രി ആരെന്ന സസ്പെന്‍സ് തുടരുന്നതിനിടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി മുംബൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് ശേഷം ഫഡ്‌നാവിസും ഷിൻഡെയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അധികാരം പങ്കിടൽ ചർച്ചകള്‍ക്കായി ഏകനാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയിൽ ഫഡ്നാവിസ് എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി ആരാകുമെന്ന തര്‍ക്കം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്‌ക്കുമെന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞിരുന്നു. അധികാരം പങ്കിടൽ ചർച്ചകൾക്കിടയിൽ, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷിൻഡെ കഴിഞ്ഞ വെള്ളിയാഴ്ച താനെയിലേക്ക് പോയിരുന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹം ചൊവ്വാഴ്ച മുംബൈയിലേക്ക് മടങ്ങിയത്.
മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ 230-ലധികം ലോക്‌സഭാ സീറ്റുകൾ നേടിയ മഹായുതി സഖ്യം മഹാരാഷ്‌ട്ര സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഗവർണർ സിപി രാധാകൃഷ്ണനെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ആഭ്യന്തര കലഹമുണ്ടെന്ന അഭ്യൂഹം ശരിവെയ്‌ക്കുന്നു. ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുമായി രാഷ്‌ട്രീയ ചർച്ചകൾ നടത്താൻ അജിത് പവാർ രാജ്യതലസ്ഥാനത്തുണ്ടെന്ന് എൻസിപി നേതാക്കൾ അറിയിച്ചു.
അതേസമയം സംസ്ഥാന ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ ബുധനാഴ്ച രാവിലെ വിധാൻ ഭവനിൽ യോഗം ചേരുമെന്നും പാർട്ടിയിൽ നിന്ന് നിയുക്ത മുഖ്യമന്ത്രി നാളെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചേക്കുമെന്നും സൂചനയുണ്ട്. സഖ്യ രാഷ്‌ട്രീയത്തിന്റെ കൺവെൻഷൻ അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് പോയാൽ പാർട്ടിക്ക് ആഭ്യന്തര വകുപ്പ് ലഭിക്കണമെന്ന് ശിവസേന നേതാക്കൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
മഹാരാഷ്‌ട്രയുടെ പുതിയ മുഖ്യമന്ത്രിയുടെ പേര് മഹായുതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡിസംബർ 5ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ മുംബൈയിൽ തകൃതിയായി നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 2,000 വിവിഐപികളും 40,000 അനുയായികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: