ന്യൂദൽഹി : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് 2025-ൽ നടക്കാനിരിക്കെ പൊതുജനങ്ങളുമായി വിപുലമായ ചർച്ചകൾ നടത്തിയ ശേഷമാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുകയെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ യോഗങ്ങൾ നടത്തി ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബിജെപി ആരംഭിച്ചിരുന്നു.
ബിജെപിയുടെ സങ്കൽപ് പത്രവും പ്രകടന പത്രികയും പൊതുജനങ്ങളുമായി ചർച്ച നടത്തിയതിന് ശേഷമാകും തയ്യാറാക്കുക. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നതിനായി ബിജെപി ഒരു വാട്ട്‌സ്ആപ്പ് നമ്പറും ഒരു ഹാഷ്‌ടാഗും വെബ്‌സൈറ്റും നൽകിയിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു. ദേശീയ തലസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും മീനാക്ഷി ലേഖി ഊന്നിപ്പറഞ്ഞു.
ദൽഹിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ പൊതുജനങ്ങൾക്കിടയിൽ പോകുകയും ഞങ്ങളുടെ കേന്ദ്ര ഓഫീസിൽ ആളുകളുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും. ഞങ്ങൾ ജനങ്ങളോട് അഭിപ്രായം ചോദിച്ച് പ്രകടനപത്രിക തയ്യാറാക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു.
അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കഴിഞ്ഞ 11 വർഷമായി നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് ബിജെപി നേതാവ് പർവേഷ് വർമ പറഞ്ഞു. 2025ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ദൽഹിയിൽ ബിജെപി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും വർമ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേ സമയം ദൽഹിയിൽ തെരഞ്ഞെടുപ്പ് 2025-ന്റെ തുടക്കത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഔദ്യോഗിക തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: