ഢാക്ക (ബംഗ്ലാദേശ്): ഭാരതത്തില്‍ ഹരേ കൃഷ്ണ പരിപാടികള്‍ക്കായി യാത്ര തിരിച്ച സംന്യാസിമാരടക്കമുള്ള ഇസ്കോണ്‍ തീര്‍ത്ഥാടക സംഘത്തെ ബംഗ്ലാദേശ് പോലീസ്. തടഞ്ഞു. സംന്യാസിമാരെ ബെനാപോള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് തിരികെ അയച്ചു. മതിയായ യാത്രാ രേഖകളുണ്ടായിട്ടും സംന്യാസിമാരെ അനുഷ്ഠാനപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമുയരുന്നു.
സംന്യാസി സംഘത്തെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കരുതെന്ന് ഉന്നത അധികാരികളില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബെനാപോള്‍ ഇമിഗ്രേഷന്‍ പോലീസിന്റെ ചുമതലയുള്ള ഓഫീസര്‍ ഇംതിയാസ് അഹ്സനുല്‍ ഖാദിര്‍ ഭൂയാന്‍ പറഞ്ഞു. മതിയായ യാത്രാരേഖകളുണ്ടെങ്കിലും അവര്‍ക്കു യാത്രാനുമതി ഉണ്ടായിരുന്നില്ലെന്നാണ് ഇമിഗ്രേഷന്‍ ഓഫീസറുടെ വാദം.
വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തരടക്കം 54 പേരാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ചെക്പോസ്റ്റിലെത്തിയത്. മണിക്കൂറുകളോളം അനുമതിക്കായി കാത്തിട്ടും മടക്കി അയയ്ക്കുകയായിരുന്നെന്ന് ഇസ്കോണ്‍ അംഗമായ സൗരഭ് തപന്ദര്‍ ചെലി പറഞ്ഞു.
അതിനിടെ ഭാരതത്തില്‍ നിന്നു ബംഗ്ലാദേശിലേക്കു പോയ തീര്‍ത്ഥാടക വാഹനത്തിനു നേരേ ആക്രമണമുണ്ടായി. ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോകുകയായിരുന്ന ബസാണ് ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ടത്. ത്രിപുര ഗതാഗത മന്ത്രി സുശാന്ത് ചൗധരിയാണ് ഇതറിയിച്ചത്. ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയ വിശ്വ റോഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
ബസിന്റെ ചിത്രങ്ങളടക്കം ഫെയ്സ് ബുക്കില്‍ പങ്കുവച്ചാണ് സുശാന്ത് ചൗധരി ഇതിനെതിരേ പ്രതികരിച്ചത്. യാത്രയ്ക്കിടെ അക്രമി സംഘം ഒരു ട്രക്ക് കൊണ്ടുവന്ന് ബസില്‍ ഇടിക്കുകയായിരുന്നു. ബസില്‍ യാത്ര ചെയ്തിരുന്ന ഭാരതീയരെ അവര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
കൊല്‍ക്കത്തയ്ക്കും അഗര്ത്തലയ്ക്കുമിടെ ബസുകള്‍ ഢാക്ക വഴിയാണ് സര്‍വീസ് നടത്തുന്നത്. ദൂരവും ചെലവും കുറവായതിനാലാണ് ഈ പാത തെരഞ്ഞെടുക്കുന്നത്. ബസിനു നേരേയുണ്ടായ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: