Entertainment

ഇന്ദ്രന്‍സ് തമിഴ് നടന്‍ സൂര്യയുടെ സിനിമയില്‍; ഷൂട്ടിംഗ് കോയമ്പത്തൂരില്‍

Published by

മലയാള നടന്‍ ഇന്ദ്രന്‍സ് തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സിനിമയില്‍ അരങ്ങേറുന്നു. ഇന്ദ്രന്‍സിന്റെ ആദ്യ തമിഴ്സിനിമയാണെന്ന് പറയപ്പെടുന്ന ഈ സൂര്യ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് താരം കാണുന്നത്.

വെറും കൊമേഡിയന്‍ വേഷങ്ങളില്‍ നിന്നും ക്യാരക്ടര്‍ റോളിലേക്ക് മാറിയ ശേഷം ഒരു നടന്‍ എന്ന നിലയില്‍ ഇന്ദ്രന്‍സിന് കൂടുതല്‍ പ്രാധാന്യം മലയാള സിനിമയില്‍ കൈവന്നത് ഈയിടെയാണ്. സൂര്യയുടെ 44ാം സിനിമയുടെ ഷൂട്ടിംഗ് കോയമ്പത്തൂരില്‍ ആണ്.

തൃഷയാണ് നായിക. 19 വര്‍ഷങ്ങള്‍ക്കു ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. നായിക ആരെന്നതു സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല. അതിനിടെയാണ് തൃഷ സൂര്യയുടെ നായികയാകുമെന്ന സൂചന പുറത്തു വരുന്നത്. 2005ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആറു എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

ആര്‍.ജെ. ബാലാജിയുടേതാണ് തിരക്കഥയും. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സില്ലിന് ഒരു കാതല്‍, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളില്‍ സൂര്യയും റഹ്മാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വലിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ നിരവധി വമ്പന്‍ താരങ്ങളെ അണിനിരത്താനാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് ഒരുങ്ങുന്നത്. 2025 ന്റെ രണ്ടാം പകുതിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക