തൃശൂര്‍: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. റവന്യൂ ജില്ലാ കലോത്സവത്തിനും റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല.
കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന് ചുവപ്പ് ജാഗ്രതയാണ്. ചൊവ്വാഴ്ച ഓറഞ്ച് ജാഗ്രതയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചത്. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്‌ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ചുവപ്പ് ജാഗ്രത തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളല്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക