തിരുവനന്തപുരം: ബംഗ്ലാദേശ് സര്‍ക്കാര്‍, കള്ളക്കേസ് ചുമത്തി അന്താരാഷ്‌ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ (ഇസ്‌കോണ്‍) രണ്ട് സംന്യാസിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവം നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.
ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കിയതിനാണ് സംന്യാസിമാര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനങ്ങള്‍ നടത്തുന്ന കിരാതമായ ആക്രമണ പരമ്പരകളെ തടയുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. നിലവിലുള്ള ഭരണഘടനയെ അട്ടിമറിച്ച് ഒരു മതാധിഷ്ഠിത ഭരണം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയാണ് ഇപ്പോഴത്തെ ന്യൂനപക്ഷ വേട്ട എന്ന ആരോപണത്തിന് മറുപടി പറയാന്‍ മുഹമ്മദ് യൂനിസ് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സഞ്ജയന്‍ പറഞ്ഞു.
മുസ്ലീങ്ങള്‍ക്ക് മഹാഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ നിന്ന് അവശേഷിക്കുന്ന മറ്റ് മത വിഭാഗങ്ങളെ ഭയപ്പെടുത്തി പലായനം ചെയ്യാന്‍ സാഹചര്യം സൃഷ്ടിക്കുകയാണ് ഇസ്ലാമിക തീവ്രവാദികളുടെ ഗുഢലക്ഷ്യം. ഇതിനെതിരെ ഉറച്ച നിലപാട് കൈക്കൊള്ളണമെന്നും സംന്യാസിമാരുടെ മോചനം ഉറപ്പുവരുത്തണമെന്നും ഭാരത സര്‍ക്കാരിനോടും ഐക്യരാഷ്‌ട്ര സംഘടന ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനങ്ങളോടും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക