ശബരിമല: കനത്ത മഴ മൂലം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. രാവിലെ പത്തുമണി വരെ 28230 തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്.
മഴ കനത്തത് പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ വരവിനെയും ബാധിച്ചു. സന്നിധാനത്ത് പുലര്‍ച്ചെ 3ന് നട തുറന്നപ്പോള്‍ വലിയ നടപ്പന്തല്‍ തിങ്ങി നിറഞ്ഞ് തീര്‍ഥാടകരുണ്ടായിരുന്നു.5 മണിയായപ്പോഴേക്കും എല്ലാവരും പടികയറി.
പിന്നെ മല കയറി വന്നവര്‍ കാത്തുനില്പില്ലാതെ പടി കയറി ദര്‍ശനം നടത്തി. പമ്പയില്‍നിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്.നീലിമല പാതയില്‍ 18 നടപ്പന്തലുകള്‍ ഉണ്ട്. മരക്കൂട്ടം മുതല്‍ ശരംകുത്തി വഴി ക്യൂ കോംപ്ലക്സും ഉള്ളതിനാല്‍ മഴ നനയാതെ കയറി നില്ക്കാനാകും.
അതേസമയം ദര്‍ശനത്തിന് ശേഷം മലയിറങ്ങുന്നവര്‍ക്ക് പമ്പയില്‍ എത്തി വാഹനത്തില്‍ കയറുന്നതുവരെ മഴ നനയേണ്ടി വരും.മടക്ക യാത്രക്ക് തീര്‍ഥാടകരെ കടത്തിവിടുന്ന ചന്ദ്രാനന്ദന്‍ റോഡ്, സ്വാമി അയ്യപ്പന് റോഡ് എന്നിവിടങ്ങളില്‍ മഴ നനയാതെ കയറി നില്ക്കാന് സംവിധാനമില്ല. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: