ചെങ്ങന്നൂര്‍: അനുഷ്ഠാനങ്ങള്‍ മുറുകെ പിടിച്ച് വ്രതത്തോടെയുള്ള തീര്‍ത്ഥാടനയാത്രകള്‍ എക്കാലവും ഹൈന്ദവസംസ്കൃതിയുടെ ഭാഗമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍. തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറുഭാഗത്തായി, വിപുലമായ സൗകര്യത്തോടെ വിഎച്ച്പി ആരംഭിച്ച അയ്യപ്പ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമര്‍നാഥിലേക്കും തിരുപ്പതിയിലേക്കും പഴനിയിലേക്കും കാശിയിലേക്കും കന്യാകുമാരിയിലേക്കും ആചാരപരമായാണ് തീര്‍ത്ഥയാത്രകള്‍ നടത്തുന്നത്. എല്ലാ ക്ഷേത്രങ്ങള്‍ക്കും ഓരോ അനുഷ്ഠാനങ്ങളുണ്ട്. അവയറിഞ്ഞാണ് യാത്ര. ശബരിമലയിലെ അനുഷ്ഠാനങ്ങള്‍ മനസിലാക്കിയും വ്രതം നോറ്റുമാണ് കേരളത്തിന് പുറത്തുനിന്നും തീര്‍ത്ഥാടകര്‍ എത്തുന്നത്. അവര്‍ക്ക് വേണ്ടി പൂര്‍ത്തിയാക്കി സമര്‍പ്പിച്ചിരിക്കുന്ന സേവാകേന്ദ്രം ഭഗവാന്റെ ഇച്ഛയുള്ളത് കൊണ്ടാണ് ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാജത്തില്‍ ഏകതയും സമരസതയും സൃഷ്ടിക്കലാണ് ഭാരതീയ പാരമ്പര്യമെന്നും കേരളത്തില്‍ സമരസതയ്ക്കുള്ള മൗലികമായ ഏകബിംബം അയ്യപ്പനാണെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ഗദര്‍ശക് മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദസരസ്വതി പറഞ്ഞു.
രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സേവാകേന്ദ്രത്തിന്റെ ഖ്യാതി എത്തിച്ചേരുമെന്ന് ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു പറഞ്ഞു. തീര്‍ത്ഥാടകലക്ഷങ്ങളെ അപമാനിക്കുന്ന നടപടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില് ശക്തമായ പ്രതികരണം ഹിന്ദുസമൂഹത്തില്‍ നിന്നും ഉണ്ടാകും, അദ്ദേഹം മുന്നറിയിപ്പ് നല്കി.
വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരയ എന്‍.കെ. ദിവാകരന്, അഡ്വ. അനില്‍വിളയില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയന്, അയ്യപ്പസേവാസമാജം സംസ്ഥാനസംഘടനാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്, മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാര്‍, സംസ്ഥാന ജോ.സെക്രട്ടറി അബിനുസുരേഷ്, സംസ്ഥാന ട്രഷറര്‍ ശ്രീകുമാര്‍ വയലില്‍, സഹസേവാപ്രമുഖ് വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭജനമണ്ഡപം, ആബുലന്‍സ് സര്‍വീസ്, അന്നദാനമണ്ഡപം, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ സമര്‍പ്പണവും പരിപാടിയില്‍ നടന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടുപടിഞ്ഞാറുഭാഗത്തായി സംഘടന വാങ്ങിയ 40 സെന്റ് സ്ഥലത്താണ് അയ്യപ്പ സേവാ കേന്ദ്രം തുറന്നിരിക്കുന്നത്. 5000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരേസമയം 500 അയ്യപ്പഭക്തന്മാര്ക്ക് വിരി വയ്ക്കാനും പ്രതിദിനം 5000 അയ്യപ്പഭക്തന്മാര്ക്ക് അന്നദാനത്തിനും സൗകര്യമുണ്ട്. മണ്ഡലം മകരവിളക്കിനു ശേഷം മാസപൂജാസമയങ്ങളിലും കേന്ദ്രം അയ്യപ്പഭക്തര്‍ക്കായി പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: