ആലപ്പുഴയില്‍ സിപിഎമ്മിലെ വിഭാഗീയതയിലും പാര്‍ട്ടിയുടെ വഴിവിട്ട പോക്കിലും പ്രതിഷേധിച്ച് ജില്ലയിലെ പ്രമുഖ സിപിഎം നേതാവായ ബിബിന്‍. സി. ബാബു ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. ഒരു കാലത്ത് ആലപ്പുഴയിലെ ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിന്റെ മുഖവും വാക്കും ബിബിനായിരുന്നു. ആലപ്പുഴയില്‍, പ്രത്യേകിച്ച് കായംകുളം, പത്തിയൂര്‍, മുതുകുളം, ഹരിപ്പാട് മേഖലകളിലെ യുവജനങ്ങളെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് കഴിഞ്ഞു.
”കേരളത്തില്‍ സിപിഎമ്മില്‍ രൂക്ഷമായ വിഭാഗീയതയാണുള്ളത്. എല്ലാ ജില്ലകളിലും അസംതൃപ്തരായ അണികളും നേതാക്കളും ഏറെയുണ്ട്. ആലപ്പുഴയിലും സ്ഥിതി ഇതുതന്നെ. ജി. സുധാകരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇന്ന് സിപിഎമ്മില്‍ സ്ഥാനമില്ല. പാര്‍ട്ടി ചില കോക്കസുകളുടെ പിടിയിലമര്‍ന്നു കഴിഞ്ഞു. സിപിഎം കേരളത്തില്‍ പൂര്‍ണമായും അപ്രസക്തമാകുന്ന കാലം വിദൂരമല്ല. എല്ലാ ജില്ലകളിലും നേതാക്കളടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. എല്ലാവര്‍ക്കും പ്രതീക്ഷ ബിജെപിയിലാണ്. രാജ്യത്തിനായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം വളരുന്നു. ലോകത്തിന്റെ നേതാവാകുന്നു…”-ബിബിന്‍.സി ബാബു ജന്മഭൂമിയോട് സംസാരിക്കുന്നു.
എന്തുകൊണ്ടാണ് സിപിഎം വിടാന്‍ തീരുമാനിച്ചപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്?
”ബിജെപി ഭരണം ഭാരതത്തിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ളതാണ്. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഭാരതത്തിലുണ്ടായ വികസനം നമ്മള്‍ നേരില്‍ അനുഭവിക്കുകയാണ്. റോഡ്, റെയില്‍വേ മേഖലകളിലുണ്ടായ മാറ്റം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണുണ്ടായിട്ടുള്ളത്. സിപിഎമ്മിനുള്ളിലുള്ള പലര്‍ക്കും ഈ അഭിപ്രായമുണ്ട്. രാഷ്‌ട്രീയമായി എതിര്‍ക്കുന്നതിനാലാണ് അവരൊന്നും ഇത് പുറത്തു പറയാത്തത്. സിപിഎമ്മിന്റെ ചിന്ത ഇപ്പോള്‍ വളരെ സങ്കുചിതമാണ്. ദേശീയമായി ചിന്തിക്കാന്‍ അവര്‍ക്കുകഴിയുന്നില്ല. അതിനാല്‍ തന്നെ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി. കേരളത്തിലും ബിജെപിയുടെ വളര്‍ച്ച വേഗത്തിലുണ്ടാകുന്നു. സിപിഎമ്മും അത് തിരിച്ചറിയുന്നു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും ഉണ്ടാകുക തന്നെ ചെയ്യും. ഇനിയുള്ള കാലം ബിജെപിയുടേതാണ്.”
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ വേരോട്ടമുള്ള ആലപ്പുഴയില്‍ യുവജനപ്രസ്ഥാനങ്ങളെ നയിച്ചയാളാണ് ബിബിന്‍. എന്തുകൊണ്ടാണ് അതുപേക്ഷിക്കാന്‍ തീരുമാനിച്ചത്?
”കേരളത്തില്‍ സിപിഎമ്മിന്റെ മതനിരപേക്ഷ മുഖം ഇല്ലാതായി. ചില കോക്കസുകളുടെയും ലോബികളുടെയും പിടിയിലാണ് നേതൃത്വം. പാര്‍ട്ടിയെ മിക്ക ജില്ലകളിലും വര്‍ഗീയ ശക്തികള്‍ പിടിയിലാക്കിക്കഴിഞ്ഞു. തീവ്രവര്‍ഗീയ ശക്തികളാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട ദയനീയ പരാജയം എല്ലാവരും കണ്ടതാണ്. മുന്‍ മന്ത്രി ജി.സുധാകരന് പോലും ദയനീയ അവസ്ഥയാണ്. ഒരു വിഭാഗത്തിന്റെ കൈയിലാണ് പാര്‍ട്ടി. ഇനി സിപിഎമ്മിന് ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ല. ആലപ്പുഴയില്‍ ആയിരക്കണക്കിനു പേര്‍ പാര്‍ട്ടി വിട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളന കാലം കഴിയുമ്പോള്‍ എല്ലാവര്‍ക്കും അതു ബോധ്യപ്പെടും. സമ്മേളനങ്ങളെല്ലാം സംഘര്‍ഷത്തിലാണ് കലാശിക്കുന്നത്. എല്ലായിടത്തും പൊട്ടിത്തെറിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍. അതു സംഭവിക്കുക തന്നെ ചെയ്യും. തീവ്രവര്‍ഗീയ ശക്തികള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ജി.സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വം ഇതൊക്കെ മനസ്സിലാക്കിയിട്ടും ഈ ശക്തികള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. അങ്ങനെയുള്ളയിടത്ത് ഇനി മുന്നോട്ടു പോകാനാകില്ല. സിപിഎമ്മില്‍ തുടരാനാകാതെ നിരവധി പേര്‍ പുറത്തു പോകാന്‍ തയ്യാറെടുത്തുകഴിഞ്ഞു. അവരെല്ലാം അധികം വൈകാതെ എന്റെ വഴി തെരഞ്ഞെടുക്കുക തന്നെ ചെയ്യും.”
നിങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളോട് സിപിഎം നേതൃത്വം എങ്ങനെയാണ് പ്രതികരിക്കുന്നത്?
”ഈ പ്രശ്‌നങ്ങളെല്ലാം നേതൃത്വത്തിനും ബോധ്യമുള്ളതാണ്. എന്നാല്‍ അവര്‍ക്കു പരിഹരിക്കാനാകില്ല. പാര്‍ട്ടി സെക്രട്ടറിക്കടക്കം പല കാര്യങ്ങളും ചൂണ്ടിക്കാട്ടി പരാതി നല്‍കി. എന്നാല്‍ അവരും നിസ്സഹായരാണ്. നേതൃത്വം ഇപ്പോള്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് നയിക്കുന്ന വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണെന്നതാണ് വാസ്തവം. അത്ര ശക്തരാണവര്‍. അവരുടെ ഇഷ്ടങ്ങളും അവര്‍ പറയുന്നതും മാത്രമാണ് ഇന്ന് സിപിഎമ്മില്‍ നടക്കുന്നത്. അവര്‍ ചെലുത്തുന്ന ധനപരമായ സ്വാധീനവും ഇതിനു പിന്നിലുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളൊക്കെ മുന്നില്‍വച്ച് അവര്‍ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു. വ്യക്തമായി പറഞ്ഞാല്‍ ഇനി കരകയറാന്‍ ആകാത്തവിധം സിപിഎം ദേശവിരുദ്ധ, വര്‍ഗ്ഗീയ ശക്തികളുടെ പിടിയിലമര്‍ന്നു കഴിഞ്ഞു.”
നരേന്ദ്രമോദിയുടെ വികസന പദ്ധതികളില്‍ ആകൃഷ്ടനായ
താങ്കള്‍ മോദി ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
”ഭാരതം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. ലോകം മുഴുവന്‍ അത് അംഗീകരിച്ചു കഴിഞ്ഞു. സിപിഎമ്മിലെ പലനേതാക്കള്‍ക്കും ആ അഭിപ്രായമാണുള്ളത്. പക്ഷേ, അവര്‍ക്കൊന്നും അത് പുറത്തുപറയാനാകില്ല. മോദി സര്‍ക്കാര്‍ രാജ്യത്തു നടത്തുന്ന വികസനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ദേശീയപാത അതിന് ഉദാഹരണം. ഏറ്റവും വലിയ ഗതാഗത ശൃംഖലയുള്ള രാജ്യമായി ഭാരതം മാറിയത് മോദി ഭരണത്തിലാണ്. നമ്മുടെ നാട്ടിലെ ദാരിദ്ര്യം കുറഞ്ഞതും തൊഴിലില്ലായ്മ കുറഞ്ഞു വരുന്നതും ഭക്ഷ്യ സുരക്ഷയുണ്ടായതും സാമ്പത്തികമായി നമ്മള്‍ വന്‍ ശക്തിയാകുന്നതും വികസിതഭാരതം എന്ന നിലയിലേക്ക് നമ്മുളുടെ കുതിപ്പ് തുടരുന്നതും വിവിധ പഠനങ്ങളിലൂടെ പുറത്തുവന്നിട്ടുള്ള കാര്യമാണ്. ഇതെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്. ഇതേ ക്കുറിച്ച് പഠിക്കുന്നവര്‍ക്കത് മനസ്സിലാകും. എന്നാല്‍ കണ്ണടച്ചിരുട്ടാക്കുന്നവര്‍ വെറുതേ എതിര്‍ത്തുകൊണ്ടിരിക്കും. അവര്‍ക്ക് കാര്യം മനസ്സിലായാലും അത് പുറത്തുപറയാന്‍ കുറച്ചുകാലം കൂടി എടുക്കുമെന്നു മാത്രം.”
ബിജെപിയിലുള്ള പ്രവര്‍ത്തനം എങ്ങനെയായിരിക്കും. എന്തുപ്രതീക്ഷകളാണുള്ളത്?
”പ്രതീക്ഷകളേറെയുണ്ട്. അത് ബിജെപിയില്‍ എനിക്കു ലഭിക്കുന്ന പദവികളെ കുറിച്ചല്ലെന്നു മാത്രം. പ്രതീക്ഷകള്‍ എനിക്ക് ബിജെപിയില്‍ നന്നായി പ്രവര്‍ത്തിക്കാനാകുമെന്നുമാത്രമാണ്. മാറ്റി നിര്‍ത്തലുകളില്ലാതെ ഒരു കുടുംബത്തിലെന്നപോലെ പ്രവര്‍ത്തിക്കാനാകും. പദവികളൊന്നും നോക്കുന്നില്ല. അതിനോട് താത്പര്യവുമില്ല. അതൊക്കെ പ്രവര്‍ത്തനത്തിലൂടെ വന്നു ചേരുന്നതാണ്. ഒരു ഓഫറിന്റെയും അടിസ്ഥാനത്തിലല്ല ഞാന്‍ ബിജെപിയിലേക്കു വന്നത്. ധാരാളം നല്ല പ്രവര്‍ത്തകരുള്ള പ്രസ്ഥാനമാണ് ബിജെപി. ഒന്നും പ്രതീക്ഷിക്കാതെ പ്രസ്ഥാനത്തിനുവേണ്ടിയും അതുവഴി രാജ്യത്തിന്റെ ഉന്നതിക്കായും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു പ്രവര്‍ത്തകര്‍. അവരുടെ സമര്‍പ്പണത്തിനൊപ്പം ചേരുകയാണ് ഇനി ഞാനും. ഇതൊരു പുതിയ തുടക്കവും പുതിയ ജീവിതവുമാണ്. നരേന്ദ്രമോദിയുടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അണി ചേരുകയാണ് ഞാനും”
പ്രതികരിക്കാൻ ഇവിടെ എഴുതുക: