മുംബൈ : ബംഗ്ലാദേശിൽ നിന്നുള്ള അൻസറുല്ല ബംഗ്ലാ ടീം (എബിടി) ഭീകരർക്ക് പൂനെയിൽ അഭയം നൽകിയതിന് മൂന്ന് ബംഗ്ലാദേശികളെ മുംബൈയിലെ എൻഐഎ പ്രത്യേക കോടതി വ്യാഴാഴ്ച അഞ്ച് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. എൻഐഎ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
രാജ് ജെസുബ് മണ്ഡൽ എന്ന മുഹമ്മദ് ഹബീബുർ റഹ്മാൻ ഹബീബ്, ഹന്നാൻ ബാബുറലി ഗാസി എന്ന ഹന്നാൻ അൻവർ ഹുസൈൻ ഖാൻ, രാജാ ജെസുബ് മണ്ഡൽ എന്ന മുഹമ്മദ് അസറലി സുബ്ഹാനല്ല എന്നിവരെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. കൂടാതെ ഓരോരുത്തർക്കും 2000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതോടെ കേസിൽ ആകെ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി.
നേരത്തെ 2023 ഒക്ടോബറിൽ മറ്റ് രണ്ട് പ്രതികളായ റിപ്പൻ ഹുസൈൻ, മുഹമ്മദ് ഹസൻ അലി മുഹമ്മദ് അമീർ അലി എന്നിവരെ കുറ്റക്കാരായി കണ്ടെത്തി 5 വർഷം തടവിന് ശിക്ഷിച്ചിരുന്നു. സാധുവായ രേഖകളില്ലാതെ പൂനെയിൽ താമസിക്കുന്ന നിരവധി ബംഗ്ലാദേശി പൗരന്മാരെ സംബന്ധിച്ചും നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുടെ മുൻനിര സംഘടനയായ എബിടിയിലെ അംഗങ്ങളെ സഹായിക്കുകയും ചെയ്‌തതിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2018 മാർച്ചിലാണ് പൂനെ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
മഹാരാഷ്‌ട്രയിലെ പൂനെയിലെ ധോബിഘട്ട്, ഭൈറോബ നല എന്നിവിടങ്ങളിൽ വെച്ച് പോലീസ് ഹബീബിനെ പിടികൂടുകയായിരുന്നു. തുടർന്ന് കേസിൽ മൊത്തം അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. തുടർന്ന് 2018 മേയിൽ കേസ് ഏറ്റെടുത്ത എൻഐഎ അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാർ അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി കണ്ടെത്തി.
വ്യാജരേഖകൾ നൽകി വ്യാജ പേരുകളിൽ പാൻകാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻകാർഡ് തുടങ്ങിയ തട്ടിപ്പിലൂടെ ഇവർ നിർമ്മിച്ചിരുന്നു. ഇന്ത്യൻ സിം കാർഡുകൾ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ഇന്ത്യയിൽ ജോലി തേടുന്നതിനും അവർ ഈ രേഖകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണ ഏജൻസി കണ്ടെത്തി.
പ്രധാന അംഗമായ സമദ് മിയ ഉൾപ്പെടെ നിരവധി എബിടി അംഗങ്ങൾക്ക് പ്രതികൾ അഭയം നൽകുകയും ധനസഹായം നൽകുകയും ചെയ്തതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: