Kerala

മുനമ്പം വഖഫ് അവകാശവാദം: ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് വിജ്ഞാപനം, മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്കണം

Published by

തിരുവനന്തപുരം: മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ ഭൂമിയില്‍ വഖഫ് അവകാശമുന്നയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവ കമ്മിഷന്‍ കണ്ടെത്തണം.

എറണാകുളം ജില്ലയിലെ മുനമ്പത്ത് വര്‍ഷങ്ങളായി താമസിക്കുന്നവരും വഖഫ് ബോര്‍ഡുമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഉടമസ്ഥതയെക്കുറിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാനാണ് ജുഡീഷ്യല്‍ കമ്മിഷന്‍ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിന്റെ പഴയ സര്‍വേ നമ്പല്‍ 18,1ല്‍ ഉള്‍പ്പെട്ട വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയണം, പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യണം, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യണം എന്നിവയാണ് കമ്മിഷന്റെ ലക്ഷ്യങ്ങള്‍.

റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായരെയാണ് സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by