Kerala

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും, കർശന നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Published by

തിരുവനന്തപുരം: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ സ്കാനിങ് നടത്തിയെങ്കിലും ഇക്കാര്യം കണ്ടെത്തിയിരുന്നില്ല.

സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് ഡോക്ടർ ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ ഒപ്പും സീലും നൽകി. സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക