വാരാണസി(ഉത്തര്‍പ്രദേശ്): 115 വര്‍ഷത്തെ പാരമ്പര്യമുള്ള കോളജിന്മേല്‍ അവകാശവാദമുന്നയിച്ച് ലഖ്നൗ വഖഫ് ബോര്‍ഡ്. വാരാണസിയിലെ പുരാതനമായ ഉദയ് പ്രതാപ് കോളജിന്മേലാണ് അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചത്.
വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ വിവാദം. 500 ഏക്കറിലാണ് കോളജ് കാമ്പസ് നിലനില്‍ക്കുന്നത്. ഡിഗ്രി കോളജ്, ഇന്റര്‍ കോളജ്, റാണി മുരാര്‍ ബാലിക, രാജര്‍ഷി ശിശുവിഹാര്‍, രാജര്‍ഷി പബ്ലിക് സ്‌കൂള്‍ തുടങ്ങിയവ ഇതേ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വളരെ പ്രശസ്തമായ കോളജാണിത്.
ലഖ്നൗ കേന്ദ്രമാക്കിയ യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി ആലെ അതിഖ് 1995ലെ വഖഫ് ആക്ട് പ്രകാരം കോളജിന്മേല്‍ അവകാശവാദമുന്നയിച്ച് മാനേജ്‌മെന്റിന് 2018ലാണ് ആദ്യം നോട്ടീസ് അയച്ചത്. 1909ലാണ് ഉദയ് പ്രതാപ് കോളജ് സ്ഥാപിതമായതെന്ന് ഉദയ് പ്രതാപ് വിദ്യാഭ്യാസ സമിതിയുടെ അന്നത്തെ സെക്രട്ടറി യുഎന്‍ സിന്‍ഹ ഇതിന് മറുപടി നല്കിയിരുന്നു. എന്നാലിപ്പോള്‍ വീണ്ടും അവകാശവാദവുമായി വഖഫ് ബോര്‍ഡ് എത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക