ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നാഗാലാന്റിന് എതിരെ അനായാസ വിജയവുമായി കേരളം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരള വിജയം. ആദ്യം ബാറ്റ് ചെയ്ത നാഗാലന്റ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 52 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു.
ക്യാപ്റ്റന്‍ സഞ്ജു സാംസന്‍ കളിക്കാതിരുന്ന മത്സരത്തില്‍ മുഹമ്മദ് അസറുദ്ദീനാണ് ടീമിനെ നയിച്ചത്. ടോസ് നേടിയ നാഗാലന്റ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കിയെങ്കിലും മധ്യനിരയെ തകര്‍ത്ത് കേരള ബൗളര്‍മാര്‍ മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കി. ക്യാപ്റ്റന്‍ ജൊനാഥനും ഷംഫ്രിയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 57 റണ്‍സ് പിറന്നു. 22 റണ്‍സെടുത്ത നാഗാലാന്റ് ബാറ്റര്‍ ജൊനാഥനെ കേരളത്തിന്റെ അബ്ദുള്‍ ബാസിത് പുറത്താക്കിയത് മത്സരത്തിലെ വഴിത്തിരിവായി. തൊട്ടടുത്ത ഓവറില്‍ 32 റണ്‍സെടുത്തു നിന്ന ഷംഫ്രിയെ ജലജ് സക്‌സേനയും മടക്കിയയച്ചു.
തുടര്‍ന്ന് ബേസില്‍ എന്‍ പി യും ബേസില്‍ തമ്പിയും ചേര്‍ന്ന് മധ്യനിരയെ എറിഞ്ഞു തകര്‍ത്തതോടെ നാഗാലന്റ് സ്‌കോര്‍ 120ല്‍ ഒതുങ്ങി. അവസാന ഓവറുകളില്‍ 13 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ നിശ്ചലിന്റെ പ്രകടനമാണ് നാഗാലന്റ് സ്‌കോര്‍ 100 കടത്തിയത്. കേരളത്തിന് വേണ്ടി എന്‍ പി ബേസില്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സ്‌കോര്‍ അഞ്ചില്‍ നില്‌ക്കെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രോഹന്‍ കുന്നുമ്മലും സച്ചിന്‍ ബേബിയും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അനായാസം സ്‌കോര്‍ മുന്നോട്ട് നീക്കി. വിജയത്തിന് 11 റണ്‍സ് അകലെ രോഹന്‍ പുറത്തായെങ്കിലും സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്ന് വിജയത്തിലെത്തിച്ചു. രോഹന്‍ കുന്നുമ്മല്‍ 28 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 57 റണ്‍സെടുത്തു. സച്ചിന്‍ ബേബി 48ഉം സല്‍മാന്‍ നിസാര്‍ 11ഉം റണ്‍സുമായി പുറത്താകാതെ നിന്നു. രോഹന്‍ എസ് കുന്നുമ്മല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക