Football

100 ചാമ്പ്യന്‍സ് ലീഗ് ഗോള്‍ കടന്ന് ലെവന്‍ഡോവ്‌സ്‌കി

Published by

കാറ്റലോണിയ: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വ്യക്തിഗത ഗോള്‍ നേട്ടം 100 തികച്ച് പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്‌സിലോണയ്‌ക്ക് വേണ്ടി ഇന്നലെ ഫ്രഞ്ച് ക്ലബ്ബ് ബ്രെസ്റ്റോയ്‌ക്കെതിരെയായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ നാഴിക കല്ല് താണ്ടിയ പ്രകടനം.

കളിയുടെ തുടക്കത്തില്‍ പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളാക്കിയാണ് താരം അപൂര്‍വ്വ നേട്ടം ആഘോഷിച്ചത്. 66-ാം മിനിറ്റില്‍ ഡാല്‍മി ഓല്‍മോ നേടിയ രണ്ടാം ഗോളിന് പിന്നാലെ കളി തീരുന്നതിന് തൊട്ടുമുമ്പ് മത്സരത്തിലെ തന്റെ ഇരട്ടഗോള്‍ തികച്ചുകൊണ്ട് ലെവന്‍ഡോവ്‌സ്‌കി ചാമ്പ്യന്‍സ് ലീഗ് ഗോള്‍ നേട്ടം 101 ആക്കി ഉര്‍ത്തി. കളി 3-0ന് ജയിച്ച് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക പട്ടികയില്‍ ഇന്ററിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരായി.

ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ തികയ്‌ക്കുന്ന ലോക ഫുട്‌ബോളിലെ മൂന്നാമത്തെ താരമാണ് ലെവന്‍ഡോവ്‌സ്‌കി. ഇതിന് മുമ്പ് ഈ നേട്ടം തികച്ചത് സൂപ്പര്‍ താരങ്ങളായ പോര്‍ച്ചുഗലിന്റെ കിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയും മാത്രം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവെന്റസ് ക്ലബ്ബുകള്‍ക്കായി ആകെ 183 കളികലില്‍ നിന്ന് 140 ഗോളുകളാണ് ക്രിസ്റ്റിയാനോ നടിയത്. ബാഴ്‌സിലോണ, പാരിസ് സെന്റ് ജെര്‍മെയ്ന്‍ ക്ലബ്ബുകള്‍ക്കുവേണ്ടി 163 മത്സരങ്ങളില്‍ നിന്ന് 129 ചാമ്പ്യന്‍സ് ലീഗ് ഗോളുകളാണ് മെസി നേടിയിട്ടുളളത്. ലെവന്‍ഡോവ്‌സ്‌കിയുടെ 125-ാം ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു ഇന്നലത്തേത്. 36കാരനായ പോളിഷ് താരം കരിയറില്‍ ജര്‍മന്‍ ക്ലബ്ബുകളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്(17), ബയേണ്‍ മ്യൂണിക്(69) എന്നിവര്‍ക്ക് വേണ്ടിയും ചാമ്പ്യന്‍സ് ലീഗില്‍ പന്ത് വലയിലെത്തിച്ചിട്ടുണ്ട്. 2021ല്‍ ബാഴ്‌സയിലെത്തിയ ശേഷം ഇതുവരെ 15 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക