കോടാനുകോടി ഭക്തജനങ്ങള്‍ ദര്‍ശന സായുജ്യത്തിനെത്തുന്ന ശബരിമലയെന്ന ആധ്യാത്മിക പ്രഭാപൂര്‍ണതയെ മുച്ചൂടും നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ വിദ്വേഷ ശക്തികള്‍ക്ക് ആവേശം പകരുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതും ആയിരുന്നു കഴിഞ്ഞ ദിവസം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി. പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞു നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ പോലീസ് സംഘം ചെയ്തത് ആചാര ലംഘനത്തിനപ്പുറം അവഹേളനമാണ്. വിശ്വാസത്തിനുനേരെയുളള പരസ്യമായ ആക്ഷേപം. മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പവിത്രമായ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത്. തൃപ്പടികളില്‍ അയ്യപ്പന്മാരെ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനും നിയോഗിക്കപ്പെടുന്ന പോലീസുകാരും സാധാരണ ഭഗവാന് പുറംതിരിഞ്ഞു നില്‍ക്കാറില്ല. ഇതിനൊക്കെ വിപരീതമായി പോലീസ് സേന യാതൊരു തത്വദീക്ഷയുമില്ലാതെ പതിനെട്ടു പടികളിലും ഭഗവാന് പുറംതിരിഞ്ഞുനിന്നു ഫോട്ടോയെടുത്ത കാഴ്ച ഭക്ത ജനങ്ങളില്‍ വലിയ ദു:ഖമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ശബരിമലയില്‍ പോലീസ് നടത്തുന്ന സേവനം ഒരുകാലത്ത് പ്രശംസാര്‍ഹവും മാതൃകാപരവും ആയിരുന്നു. പോലീസ് സ്വയം അയ്യപ്പന്മാരായി മാറി ഭക്തരുമായി താദാത്മ്യം പ്രാപിച്ചായിരുന്നു ഡ്യൂട്ടി ചെയ്തിരുന്നത്. അയ്യപ്പ സന്നിധിയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ വ്രതം നോറ്റ് മാലയിട്ടായിരുന്നു ശബരിമലക്കു പോയിരുന്നത്. പതിനെട്ടാം പടി കയറാന്‍ ഇരുമുടിക്കെട്ടുള്ള അയ്യപ്പന്മാര്‍ക്ക് മാത്രമേ അനുവാദമുള്ളൂ എന്നിരിക്കേ പടിയില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്നവര്‍ക്കും അത് ബാധകമായിരുന്നു. പരിചയസമ്പന്നരായ പോലീസുകാരെയാണ് അവിടെ നിശ്ചയിച്ചിരുന്നത്. അന്നൊക്കെ ഭക്തര്‍ക്ക് ഒരുപ്രയാസവും കൂടാതെ പടി കയറി ഭഗവത് ദര്‍ശനം സാധ്യമായിരുന്നു. പതിനെട്ടാം പടിയിലും സന്നിധാനത്തും ഡ്യൂട്ടി ലഭിക്കുന്നത് ഭാഗ്യമായി കരുതുന്ന പോലീസുകാര്‍ അന്നുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. കൈ മെയ് മറന്ന് സന്നിധാനത്തും പമ്പയിലും ഒട്ടേറെ പോലീസുകാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് അവര്‍ കര്‍മനിരതരാവുന്നത്. എന്നാല്‍ അവര്‍ക്കുപോലും അപമാനമുണ്ടാക്കുന്ന തരത്തില്‍ അതേ വകുപ്പിലുള്ളവര്‍ പെരുമാറുന്നു എന്നതാണ് സങ്കടകരമായ വസ്തുത.
ശബരിമലയുടെ പവിത്രത കാത്തു സൂഷിച്ചുവേണം അവിടെ പോലീസ് കാര്യനിര്‍വ്വഹണം നടത്താന്‍ എന്നുള്ളത് കാറ്റില്‍ പറത്തുന്നതിന്റെ തുടര്‍ച്ചയാണ് ഫോട്ടോ ഷൂട്ട്. അനാവശ്യമായി ഭക്തരെ തടയുക, അവര്‍ വരുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയോ യാതൊരു സൗകര്യവുമില്ലാത്ത ഇടങ്ങളില്‍ തടഞ്ഞിടുകയോ ചെയ്യുക, അമാന്യമായി പെരുമാറുക, ഭീഷണിപ്പെടുത്തുക, അവഹേളിക്കുക, മര്‍ദ്ദിക്കുക തുടങ്ങി ഒരാധ്യാത്മികാന്തരീക്ഷത്തിന് ചേരാത്ത വളരെയേറെ പെരുമാറ്റദൂഷ്യങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്ന പോലീസിന്റെ നടപടി വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുമുണ്ട്. ശരണപാതയില്‍ മാധ്യമ ശ്രദ്ധ അധികം പതിയാത്ത മരക്കൂട്ടത്തും ശരംകുത്തിയിലുമാണ് പോലീസിന്റെ പ്രാകൃത രൂപത്തിലുള്ള നിയന്ത്രണം. ഭക്തരെ ക്രിമിനലുകളെയെന്ന പോലെ നേരിടുന്നതിന്റെ മറ്റൊരു രൂപമായിട്ടേ ഫോട്ടോ ഷൂട്ടിനെ കാണാനാകു.
സന്നിധാനത്തില്‍ നിയോഗിക്കപ്പെടുന്ന പോലീസ് വിഭാഗത്തിന് ആചാരങ്ങളുടെ പവിത്രതയില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെങ്കില്‍ പിന്‍മാറുകയാണ് വേണ്ടത്. മറ്റു സംവിധാനത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് ചിന്തിക്കണം. പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതല, വിശ്വാസിയായ ആരെയെങ്കിലും ഏല്‍പിച്ച് മുഖ്യമന്ത്രി മാറിനില്‍ക്കണം. ആചാര നിഷേധത്തിനും വിശ്വാസ ധ്വംസനത്തിനും വിപ്ലവത്തിനും ഉള്ള ഇടമല്ല ആരാധനാലയങ്ങളും ആധ്യാത്മിക കേന്ദ്രങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക