Kerala

ശബരിമല പ്രസാദത്തില്‍ ഈര്‍പ്പത്തിന്റെ അളവ് 10% ല്‍ നിലനിര്‍ത്തണം: ഹൈക്കോടതി

Published by

കൊച്ചി: ശബരിമലയിലെ അപ്പം, അരവണ പ്രസാദത്തില്‍ ഈര്‍പ്പത്തിന്റെ അളവ് 10% എന്ന മാനദണ്ഡത്തില്‍ നിലനിര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ഓരോ തവണയും പ്രസാദത്തിന്റെയും വില്‍പന ആരംഭിക്കുന്നതിന് മുമ്പ് ഇത് പരിശോധിച്ചിരിക്കണമെന്നും ഉത്തരവ് പറയുന്നു.

ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടിയായാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സന്നിധാനത്തെ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, അപ്പം പ്രസാദത്തിന്റെ ചില സാമ്പിളുകളില്‍ ഈര്‍പ്പത്തിന്റെ അളവ് 10.31% മുതല്‍ 15.23% വരെ സാധാരണ പരിധി കവിഞ്ഞതായി കണ്ടെത്തി.

ശബരിമലയില്‍ പൂപ്പല്‍ പുരണ്ട ഉണ്ണിയപ്പം വിതരണം ചെയ്യുന്നുവെന്ന് നേരത്തെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. കൂടാതെ, അപ്പവും അരവണയും തയാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ സംഭരിക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിന്നുള്ള ഡോ. മഹേന്ദ്രകുമാറും നിവേദനം നല്കിയിട്ടുണ്ട്. ഹര്‍ജികള്‍ പരിഗണിക്കവേ, ഡിവിഷന്‍ ബെഞ്ച് സ്വമേധയാ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ (എഫ്എസ്എസ്എഐ) കേസില്‍ കക്ഷിചേര്‍ത്തു. ഡിസം. രണ്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജികള്‍ ഡിസംബര്‍ നാലിന് പരിഗണിക്കാന്‍ മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by