Entertainment

ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത;കരണകുറ്റിക്ക് അടികൊടുക്കല്‍’ ഒഴിവാക്കി വെള്ളപൂശി.

Published by

ഒടുവില്‍ ഉണ്ണികൃഷ്ണനെ സംവിധായകന്‍ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകന്‍ പത്മകുമാറിനെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത്. യുട്യൂബ് ചാനലിലൂടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച കാര്യങ്ങള്‍ ശരിവയ്‌ക്കുന്നതാണെന്നും ആലപ്പി അഷറഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. അനാവശ്യമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് തന്റെ ശീലമല്ല, സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരും. ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ലെന്നും അക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും ആലപ്പി അഷ്‌റഫ് കുറിപ്പില്‍ പറയുന്നുണ്ട്.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:

”അടികൊണ്ട ഒടുവിലാന്‍ ഇപ്പോഴും കുറ്റക്കാരനോ…? പത്മകുമാറിന്റെ വെള്ളപൂശലിനുള്ള മറുപടി. അന്‍പതു വര്‍ഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാന്‍. അനാവശ്യമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് എന്റെ ശീലമല്ല. എന്നെ അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല. എന്റെ കണ്ണുകളെ ഞാന്‍ വിശ്വസിക്കരുതെന്നാണോ താങ്കള്‍ പറയുന്നത്. താങ്കള്‍ എത്ര കല്ലുവച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയില്‍ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓര്‍മിക്കുക..

ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞ സംഭവം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുകയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. ‘സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കല്‍ കൈയ്യാങ്കളിയോളം എത്തി ‘കരണകുറ്റിക്ക് അടികൊടുക്കല്‍’ ഒഴിവാക്കി വെള്ളപൂശി. അതിനെ നിസ്സാരവല്‍ക്കരിക്കാന്‍ താങ്കള്‍ക്ക് കഴിയുമായിരിക്കും കാരണം ‘കരണം പുകഞ്ഞത്, താങ്കളുടേതല്ലല്ലോ…?

താങ്കളുടെ വരികള്‍: ”സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും”

ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താന്‍ താങ്കളുടെ ഗുരു ആര്…. ഏഴാം തമ്പുരാനോ….? ഒടുവിലാന്‍ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ…? ”എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്”- ഇതു താങ്കളുടെ വരികളാണ്.. ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികള്‍ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകള്‍

”ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും” എന്നു വച്ചാല്‍ ഇനി ഏതറ്റംവരെ അയാള്‍ പോകണം. രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കള്‍ എന്നെനിക്കറിയാം ആദ്യമായി സംവിധായകകുപ്പായാമണിഞ്ഞ ‘അമ്മക്കിളിക്കൂട്’ തൊട്ടു അങ്ങനെ പലതും. അതിന് അയാള്‍ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക.

”സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍” ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ മാത്രം മ്ലേച്ഛമായ ചിത്രകഥകള്‍ മാത്രം മതി ചാനലിന് റേറ്റിങ് കൂട്ടാന്‍. സിനിമ ചെയ്യാത്തവര്‍ക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തല്‍ അപഹാസ്യമാണ്. ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ്

”ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാര്‍ത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന്”

പത്മകുമാര്‍ ഈ സാംസ്‌കാരിക കേരളം എന്ന വാക്കൊക്കെ ഉച്ചരിക്കാന്‍ താങ്കളെ പോലെ ഒരാള്‍ക്ക്, അതും ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കളെ പോലെയുള്ളവര്‍ക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ജനം വിലയിരുത്തട്ടെ.. ആറാം തമ്പുരാന്റെ സെറ്റില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മില്‍ നിര്‍ദോഷമായ ഒരു തമാശയുടെ പേരില്‍ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യന്‍ തന്നെ സമ്മതിക്കുന്നു. ആ സെറ്റില്‍ അങ്ങനെ ഒരു പ്രശ്‌നംസംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പത്മകുമാറിന്റെ ഗതികേടില്‍ തികഞ്ഞ സഹതാപം മാത്രം.

സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നു.

(ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം, ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കള്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by