India

ഭാരതം ഋഷിപരമ്പരകളുടെ നാട്; ലോകം മുഴുവൻ ഭാരതത്തിനായി കാത്തിരിക്കുന്നു: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Published by

ഭാഗ്യനഗര്‍(തെലങ്കാന): ലോകം ഭാരതത്തിനായി കാത്തിരിക്കുകയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോക്മന്ഥന്‍ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മ്മത്തിന്റെ കേന്ദ്രമായ ഭാരതത്തിലാണ് ഇന്ന് ലോകത്തിന്റെ പ്രതീക്ഷ. ഭാരതത്തിന്റെ ദര്‍ശനം ഏറ്റെടുത്തുകൊണ്ട് ലോകം മുന്നോട്ട് നീങ്ങും. ലോകം മുഴുവനും ഭാരതത്തിനായി ശ്വാസമടക്കി കാത്തിരിക്കുകയാണ്, ആഗോള നേതാക്കളും ആകാംക്ഷയിലാണ്. ലോകം ഭാരതത്തില്‍ നിന്ന് പഠിക്കാന്‍ ഉത്സുകരാണ്. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. എന്നാല്‍ ഭാരതം ലക്ഷ്യത്തിലെത്താനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതം ഋഷിപരമ്പരകളുടെ നാടാണ്. വൈവിധ്യത്തിലെ ഏകതയാണ് നമ്മുടെ പ്രത്യേകത. എന്തെല്ലാം വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും നമ്മളെല്ലാം ഒന്നാണ്. കഴിഞ്ഞദിവസം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞ വാക്കുകളും ഇത് വ്യക്തമാക്കുന്നു. വനവാസിയായാലും നഗരവാസിയായാലും ഗ്രാമവാസിയായാലും നാമെല്ലാവരും ഭാരതീയരാണ്. ഇതൊരു വൈകാരിക ആകര്‍ഷണം മാത്രമല്ല, ഒരു യാഥാര്‍ത്ഥ്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്ത് നിന്ന് അധിനിവേശത്തിന്റെ അവശേഷിപ്പുകള്‍ തുടച്ചുനീക്കുകയാണ്. രാജ്യത്തിന്റെ പൂര്‍ണമായ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാണ് ലോക്മന്ഥന്‍ പോലുള്ള പരിപാടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോദ്ധ്യയില്ലാതെ ഭാരതം അപൂര്‍ണ്ണമാണെന്നും ലോക്മന്ഥനിലൂടെ ലഭിക്കുന്ന അമൃത് സമൂഹത്തിനായി പകര്‍ന്ന് നല്‍കണമെന്നും അനുഗ്രഹഭാഷണം നടത്തിയ മഹന്ത് ആചാര്യ മിഥിലേഷ് നന്ദിനി ശരണ്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ഗജേന്ദ്ര സിങ് ഷെഖാവത്ത്, ജി. കിഷന്‍ റെഡ്ഡി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, സംസ്‌കാര്‍ ഭാരതി സംഘടനാ സെക്രട്ടറി അഭിജിത്ത് ഗോഖലെ, പ്രജ്ഞാഭാരതി അധ്യക്ഷന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും സമാപനസഭയില്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by