കാല് നൂറ്റാണ്ടിന് മുമ്പ്, പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരി- അന്നദ്ദേഹം വാജ്പേയി സര്‍ക്കാരിലെ മന്ത്രിയായിരുന്നു- ഒരു യോഗത്തില്‍ പറഞ്ഞു: ”രണ്ടുപതിറ്റാണ്ടിലേറെയായി പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ അവിടത്തെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസും കേന്ദ്ര സര്‍ക്കാരിന്റെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ജ്യോതിബസു നിയമസഭയില്‍ ഈ എജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നു; പക്ഷേ ചര്‍ച്ച ചെയ്യുന്നില്ല, നടപടികള്‍ ഉണ്ടാക്കുന്നില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരു നടപടിയും സിഎജി റിപ്പോര്‍ട്ടുകളില്‍ കൈക്കൊണ്ടിട്ടില്ല. ആ ബംഗാള്‍ സര്‍ക്കാര്‍ നയിക്കുന്ന സിപിഎമ്മാണ് രാജ്യത്തെ നയനിലപാടുകളെയും അത് നിശ്ചയിക്കുന്ന സര്‍ക്കാരുകളെയും വിമര്‍ശിക്കുന്നത്. ഇത് തുറന്നു കാണിക്കാന്‍ കഴിയണം.”
അരുണ്‍ ഷൂരി, എസ്. ഗുരുമൂര്‍ത്തി, സ്വപന്‍ദാസ് ഗുപ്ത, ചന്ദന്‍ മിത്ര, തുടങ്ങിയ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ചിന്തകരും കമ്യൂണിസത്തിന്റെയും മാര്‍ക്സിസത്തിന്റെയും പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പരസ്യമാക്കിയ ദേശീയ തലത്തിലുള്ള മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖരാണ്.
അടുത്തിടെ, 2024 നവംബര്‍ ആദ്യവാരം, ജന്മഭൂമിയുടെ സുവര്‍ണ ജയന്തി ആഘോഷവര്ഷത്തിന്റെ തുടക്കം കുറിച്ച് കോഴിക്കോട്ട് നടന്ന പരിപാടികളില്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തത് എസ്. ഗുരുമൂര്‍ത്തിയായിരുന്നു. മാധ്യമങ്ങള്‍ക്ക് സംഭവിക്കുന്ന അപചയം ആയിരുന്നു വിഷയം. മാധ്യമങ്ങള്‍ക്ക് വിലങ്ങിടുന്നത്, വിലങ്ങിട്ട പാരമ്പര്യം ഉണ്ടായത് കോണ്‍ഗ്രസ് ഭരണത്തിലാണ് എന്ന് എസ്. ഗുരുമൂര്‍ത്തി വിശദീകരിച്ചു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച് നടപ്പിലാക്കിയ അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞു. ഭരണഘടനയെ മരവിപ്പിച്ച് നടത്തിയ ആ ഭരണകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ഇന്ദിരയ്ക്ക് അനുകൂലമായിരുന്നുവെന്നും ഗുരുമൂര്‍ത്തി വിവരിച്ചു. ഭാരതത്തിന്റെ ഭരണഘടനയോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടിനേയും നിലപാടിനേയും കുറിച്ച് ഒറ്റ വാക്യത്തില്‍ ഗുരുമൂര്‍ത്തി ഇങ്ങനെ പറഞ്ഞു: ”ഭാരതത്തിന്റെ ഭരണഘടനയില്‍ വിശ്വാസമില്ലാതിരുന്ന കമ്യൂണിസ്റ്റുകള്‍, അതിനെ എതിര്‍ക്കുന്നത് നിര്‍ത്തി, അതേ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് സ്ഥാനങ്ങളിലെത്തുന്നതാണ് ഭരണഘടനയെ എതിര്‍ക്കുന്നതിന് എളുപ്പവഴിയെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു,” എന്നാണ് ഗുരുമൂര്‍ത്തി പറഞ്ഞത്. എത്ര കൃത്യമായ നിരീക്ഷണം, ഇന്നും ഈ നിമിഷവും കമ്യൂണിസ്റ്റുകള്‍ തുടരുന്ന വിചിത്രമായ നയനിലപാടാണല്ലോ അത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവിരുദ്ധ നിലപാട് ഒടുവില്‍ പ്രകടമാകുന്നത് സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്തി സജി ചെറിയാന്റെ കാര്യത്തിലാണ്. ഭരണഘടനയെ പരസ്യമായി പ്രസംഗവേദിയില്‍, ആക്ഷേപിച്ചതില്‍ മന്ത്രി ചെറിയാനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ മന്ത്രിയും മന്ത്രിസഭയും സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയായ സിപിഎമ്മും പറയുന്നു, കോടതിവിധി കാര്യമാക്കേണ്ടതില്ല, മന്ത്രിയായ ചെറിയാന് രാജിവെക്കേണ്ടതില്ല, തുടരട്ടെ, കേസ് കോടതി
യില്‍ നടക്കട്ടെ എന്ന്. സിപിഎമ്മിന്റെ പര്യായമായ എല്ഡഎഫിനും ഇതുതന്നെയാകും നിലപാട്.
വാസ്തവത്തില്‍ സിപിഎം അതിന്റെ ‘ശരിയായ നിലപാട്’ കൈക്കൊള്ളുകയാണ് ചെയ്തിട്ടുള്ളത്; പിണറായി വിജയന് എന്ന സിപിഎംകാരനായ മുഖ്യമന്ത്രിയ്ക്കാണ് ഇടയ്ക്ക് തെറ്റിയത്. മന്ത്രി ചെറിയാനെ കുറച്ചൊരുകാലം ഇതേ കേസിന്റെ പേരില്‍ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തിയത് വിജയനായിരുന്നു. അത് പാര്‍ട്ടി നയത്തിന്
വിരുദ്ധമായിരുന്നതിനാലാണ് വിജയന്‍തന്നെ ചെറിയാനെ തിരിച്ചെടുത്തത്. ഇപ്പോള്‍ സിപിഎം ഔദ്യോഗിക യോഗം ചേര്‍ന്ന് ചെറിയാന് മന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന് തീരുമാനമെടുത്തു. ‘ഭരണഘടനയുടെ ഭാഗമായി നിന്ന് ഭരണഘടനയെ എതിര്‍ക്കുകയും തോല്‍പ്പിക്കുകയും ചെയ്യുക’ എന്ന നയത്തിന്റെ പ്രായോഗികതയാണ് ചെറിയാന് സംഭവത്തിലെന്ന് വ്യക്തം.
സ്വാതന്ത്ര്യലബ്ധിയെ, ഭാരത റിപ്പബ്ലിക്കിനെ, ഭരണഘടനയെ അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകള്‍ എന്ന ഞെട്ടിക്കുന്ന വസ്തുത എന്തുകൊണ്ട് പ്രചാരത്തിലാകുന്നില്ല? കാരണം കമ്യൂണിസ്റ്റുകളുടെ മീഡിയാ മാനേജ്മെന്റുകൊണ്ടാണ്. ബുദ്ധിജീവികളെ അവരാണ് തീരുമാനിക്കുന്നത്. അവര്‍ സ്വന്തം ബുദ്ധി ആ പാര്‍ട്ടിക്ക് അടിമ കിടത്തിയവരാകും. അതുകൊണ്ടാണല്ലോ ‘ഇന്ത്യ ഒരു രാഷ്ട്രമല്ല പല സംസ്ഥാനങ്ങളുടെ കോണ്‍ഫെഡറേഷനാണ്’ എന്ന വിചി്രതതത്ത്വം കമ്യൂണിസ്റ്റുകള്‍ പറയുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതും. ‘ഇത് കേരളമാണെ’ന്ന് അടിക്കടി പറയുന്നത്, കേരള അവാര്‍ഡുകള്‍ ദേശീയ പത്മ അവാര്‍ഡുകള്‍ക്ക് സമാന്തരമായി പ്രഖ്യാപിക്കുന്നത്, ലോക കേരള സഭ നടത്തുന്നത്, ദക്ഷിണ ഇന്ത്യന്‍ രാജ്യങ്ങളുടെ സമ്മേളനം വിളിക്കുന്നത്, കട്ടിങ് സൗത്തിന് കളമൊരുക്കുന്നത്, ദേശീയ നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുന്നത്. ഈ കുത്സിത വൃത്തികളോരോന്നും വെറും രാഷ്ട്രീയ വിയോജിപ്പുകൊണ്ടാണെന്ന തോന്നലുണ്ടാക്കിച്ച് രാഷ്ട്രവിരുദ്ധമായി ആഘോഷിക്കാന്‍ കഴിയുന്നത് കമ്മ്യൂണിസ്റ്റുകളുടെ ഈ കൗശലംകൊണ്ടാണ്.
ഭരണഘടനയോടുള്ള അവിശ്വാസ പ്രകടനമാണ് കോടതികളെ ധിക്കരിക്കാന്‍, ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കാന്‍, ഭരണഘടനാ പദവികളെ ആക്ഷേപിക്കാന്‍ വിമര്‍ശിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്. ”വിപ്ലവം തോക്കിന് കുഴലിലൂടെയെന്ന” ഭരണഘടനാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെയും അതിന് പ്രവര്‍ത്തിക്കുന്നവരെയും എതിര്‍ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നതിന് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എന്നും ശ്രദ്ധിക്കാറുണ്ട്. എസ്. ഗുരുമൂര്‍ത്തി പറഞ്ഞതുപോലെ, ‘ഭരണഘടനാപരമായി ഭരണഘടനയെ എതിര്‍ക്കുന്നതിനുള്ള’ പുകമറയാണത്. കമ്യൂണിസ്റ്റുകള്‍ അടിമുടി ഭാരത ഭരണഘടനാ വിരുദ്ധരാണെന്ന് തെളിയിച്ചിരിക്കുന്ന നിര്‍ണായക സന്ദര്‍ഭങ്ങള്‍ എത്രയെത്രയാണ്. ചൈന, ഭാരതത്തെ ആക്രമിച്ചപ്പോള്‍, പാകിസ്ഥാന് ഭീകരവര്ത്തനം നടത്തിയപ്പോള്‍, പാക് ഭീകരതയ്ക്കെതിരെ ഭാരതം പ്രഹരിച്ചപ്പോള്‍ എല്ലാമെല്ലാം അവര്‍ ‘ശത്രുപക്ഷം’ ചേര്‍ന്നു.
അടിയന്തരാവസ്ഥപോലുള്ള കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഭരണഘടനാ ലംഘനത്തില്‍ അവര്‍ക്കൊപ്പം നിന്നു. ഇപ്പോള്‍ സജി ചെറിയാന്റെ വിഷയത്തില്‍ സിപിഎം ഭരണഘടനാ
വിരുദ്ധ നിലപാട് ഏറെ സുവ്യക്തമാക്കുകയായിരുന്നു; അത് രാഷ്ട്രവിരുദ്ധമായിട്ടും.
കളങ്കിതരായവര്‍ മന്ത്രിമാരായി, പൊതുപ്രവര്‍ത്തകരായി തുടരുന്നതിനെതിരെ ഭാരത പാര്‍ലമെന്റ് കണ്ട പ്രക്ഷോഭം വലുതായിരുന്നു. യുപിഎ സര്‍ക്കാരിന്റെ രണ്ടാം ഭരണകാലത്താണ് മന്മോഹന് സിങ്ങിന്റെ പ്രധാനമന്ത്രിത്വത്തില്‍ ഒരു മന്ത്രിസഭയാകെ അഴിമതികൊണ്ട് കളങ്കിതരായത്. കോടതികള്‍ തുരുതുരാ മന്ത്രിമാര്‍ക്കെതിരെ കേസെടുത്തു, നടപടി വിധിച്ചു. അഴിമതിയും പൊതുപ്രവര്ത്തകള്ക്ക് അയോഗ്യതയായ കളങ്കങ്ങളും വിവിധ ഭരണഘടനാ സമിതികള്‍ കണ്ടെത്തി. പക്ഷേ മന്ത്രിമാര്‍ അധികാരത്തില്‍ തുടര്‍ന്നു. അന്നത്തെ ദേശീയ പ്രതിപക്ഷത്തിന്റെ സമര-പ്രക്ഷോഭങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ ഏതുപക്ഷത്തായിരുന്നുവെന്ന് ഓര്‍മയുണ്ടാവും വായനക്കാര്‍ക്ക്; അവര്‍ കളങ്കിതര്ക്കൊപ്പമായിരുന്നു!
മന്ത്രിയായിരുന്ന ആന്റണി രാജു എന്ന എല്‍ഡിഎഫ് ഘടകകക്ഷിയുടെ (ജനാധിപത്യ കേരള കോണ്‍ഗ്രസ്) നേതാവിന്റെ കാര്യംകൂടി പരിഗണിക്കുക. അഭിഭാഷകനായ ആന്റണി രാജു താന്‍ വക്കാലത്തെടുത്ത കേസ് കോടതിയില്‍ വിജയിപ്പിക്കാന്‍ കേസില്‍ തൊണ്ടിയായ അടിവസ്ത്രം കോടതിയില്‍നിന്ന് കൈക്കലാക്കി കൃത്രിമം കാട്ടിയ ആളാണ്. ആ കേസുണ്ടായിരിക്കെയാണ് ആന്റണി രാജുവിനെ സിപിഎം സംസ്ഥാന മന്ത്രിയാക്കിയത്. കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ പ്രവൃത്തിയില്‍ കുറ്റമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. ആന്റണി രാജു മന്ത്രിയായിരുന്നെങ്കില്‍, സജി ചെറിയാന് സിപിഎമ്മും കമ്മ്യൂണിസ്റ്റുകളും കൊടുത്ത അതേ പരിഗണന കൊടുക്കുമായിരുന്നില്ലേ. കൊടുക്കും, കൊടുക്കണം, ഭരണഘടനയെ, ഭരണഘടനാ സംവിധാനത്തെ, സ്ഥാപനങ്ങളെ എതിര്‍ക്കുക, അതിന്റെ ഭാഗമായി നിന്ന് ഭരണഘടനയെ തോല്‍പ്പിക്കുക എന്നതാണല്ലോ നയം.
സാഹിത്യത്തില്‍ ‘അര്‍ത്ഥാപത്തി’എന്നൊരു അലങ്കാരമുണ്ട്. ‘അര്‍ത്ഥാപത്തി’യുടെ ലക്ഷണം ”പിന്നെ പറയാനുണ്ടോ” എന്ന് നാട്ടിന്‍പുറ വര്‍ത്തമാനത്തില്‍ പറയുന്നതാണ്. അപ്പം സൂക്ഷിച്ചിരുന്ന പാത്രം പോലും കാണാനില്ല, എങ്കില്‍ അപ്പത്തിന്റെ കാര്യം പറയാനുണ്ടോ എന്ന് ചോദിക്കുംപോലെ. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യത്ത് സ്വര്‍ണ്ണക്കടത്ത് നടക്കുക, ആ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അതില്‍ മുഖ്യപ്രതിയാവുക, അക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്കും അറിയാമായിരിക്കുക, എന്നിട്ടും ‘പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല, കുലുങ്ങരുത്’ എന്ന ഭാവത്തില്‍ നയനിലപാടെടുത്ത പാര്‍ട്ടിയാണല്ലോ സിപിഎം. അപ്പോള്‍ ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ കാവല്‍ക്കാരനായി നില്ക്കുകയല്ലേ ആ പാര്‍ട്ടി ചെയ്യേണ്ടത്; കാരണം ഭരണഘടനയുടെ ഭാഗമായിനിന്ന് ഭരണഘടനയെ എതിര്ക്കുകയെന്നതാണല്ലോ നയം. ഭരണഘടന ലംഘിക്കുന്നവരെ രാജ്യദ്രോഹ ശക്തികളെ നേരിടുന്ന നയ നിയമങ്ങള്‍കൊണ്ട് കൈകാര്യം ചെയ്യുകയാണ് ഇതിന് പ്രതിവിധി. പശ്ചിമബംഗാളില്‍ സ്വയം മണ്ണടിഞ്ഞവര്‍ക്ക് കേരളഭൂമിയിലും ആറടിയിടമൊരുക്കേണ്ടത് ഭരണകൂടങ്ങളും നിയമങ്ങളുമല്ല, ഭരണഘടനയെ ആദരിക്കുന്ന ജനത തന്നെയാണ്.
പിന്കുറിപ്പ്:
രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങളുള്പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെുടുപ്പുകളില്നിന്നു വന്ന ഫലം ഒന്ന് തെളിയിക്കുന്നു; എന്ഡിഎതന്നെയാണ് രാജ്യത്തെ വലിയ രാഷ്ട്രീയ ശക്തി. ബിജെപിയാണ് വലിയ പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: