India

ശരദ് പവാറും പാര്‍ട്ടിയും അപ്രസക്തം

Published by

മുംബൈ: ശരദ് പവാറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍സിപി(എന്‍സിപിഎസ്പി)ക്കും മഹാരാഷ്‌ട്രയില്‍ ലഭിച്ചത് വന്‍തോല്‍വി. എന്‍സിപിയുടെ സ്ഥാപകനും മഹാവികാസ് അഘാഡിയുടെയും ഇന്‍ഡി മുന്നണിയുടെയും നേതൃനിരയിലെ പ്രധാനിയുമായ ശരദ് പവാറിന് പക്ഷേ ഈ തിരിച്ചടി അപ്രതീക്ഷിതം.

2019ല്‍ 54 സീറ്റുകളുമായി കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍ നിന്ന പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അജിത്ത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്നെങ്കിലും തങ്ങളാണ് കരുത്തരെന്നായിരുന്നു ശരദ് പവാര്‍ പക്ഷത്തിന്റെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ ലഭിച്ചതോടെ പവാറും സംഘവും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തുതെളിയിക്കാമെന്ന ആത്മവിശ്വാസത്തിലുമായി. എന്നാല്‍ പ്രതീക്ഷകളെല്ലാം തകിടംമറിക്കുകയാണ് ജവനിധി.

ശരദ് പവാറിന്റെ പാര്‍ട്ടി ഇതുവരെയില്ലാത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അതില്‍ കൂടുതലും പാര്‍ട്ടിയുടെ ഭാഗമായിരുന്ന അജിത് പവാര്‍ വിഭാഗത്തില്‍ നിന്ന് തന്നെയെന്നത് മറ്റൊരു പ്രത്യേകത. പാര്‍ട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച് നല്‍കിയത് അജിത് പവാര്‍ വിഭാഗത്തിനാണെങ്കിലും യഥാര്‍ത്ഥ എന്‍സിപി താന്‍ നേതൃത്വം നല്‍കുന്നതാണെന്നായിരുന്നു ശരദ് പവാറിന്റെ വാദം. നാല് തവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായ ശരദ് പവാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. 1999ല്‍ സോണിയയുടെ നേതൃത്വത്തെച്ചൊല്ലി കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞാണ് അദ്ദേഹം എന്‍സിപി സ്ഥാപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക